കോതമംഗലം സർക്കാർ എൽ.പി. സ്കൂളിൽ മുഴുവൻ അധ്യാപകരും വനിതകൾ

കൊയിലാണ്ടി: കോതമംഗലം സർക്കാർ എൽ.പി. സ്കൂളിൽ മുഴുവൻ അധ്യാപകരും വനിതകൾ. ജില്ലയിൽ ഏറ്റവും കുടുതൽ കുട്ടികൾ പ്രവേശനം നേടിയ സർക്കാർ പ്രൈമറി സ്കൂളാണിത്. 685 പേർ ഇവിടെ പഠിക്കുന്നുണ്ട്. ഇരുപത്തിരണ്ട് അധ്യാപികമാരാണിവിടെയുള്ളത്. അനധ്യാപിക തസ്തികയിൽ ഒരു വനിതയുമുണ്ട്. ഇത്തവണ ഒന്നാം ക്ലാസിൽ 113 കുട്ടികളും. പ്രീ – പ്രൈമറിയിൽ 168- കുട്ടികളും ചേർന്നു. എൽ.എസ്.എസ്. സ്കോളർഷിപ്പിൻ്റെ കാര്യത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ആറു വർഷത്തിനിടെ ഒരു വർഷം പ്രധാനാധ്യാപകനായി ഒരാളുണ്ടായി രുന്നു.

കോവിഡ് കാലത്തെ പ്രയാസങ്ങൾ മറ്റിടങ്ങളിലുള്ളത് പോലെ ഇവിടെയുമുണ്ട്. പ്രധാനാധ്യാപികയുടെ ചാർജ് വഹിക്കുന്നത് ജി.കെ. നീമ ടീച്ചറാണ്. കുട്ടികളുമായി നേരിട്ട് ഇടപെടാൻ കഴിയാത്തതാണ് പ്രധാന വിഷമമെന്ന് അവർ പറയുന്നു. ഗൂഗിൾ മീറ്റിലെ ക്ലാസുകളും ശനിയാഴ്ചത്തെ ഓൺലൈൻ സർഗ വേളകളും നടന്നു വരുന്നു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഇരുനില കെട്ടിടം ഇതുവരെ കുട്ടികൾക്ക് ഉപയോഗിക്കാനായിട്ടില്ല. ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സ്കൂൾ തുറക്കാൻ.


