KOYILANDY DIARY.COM

The Perfect News Portal

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വീണ്ടും കേരളത്തിലേക്ക്. ഏപ്രിലിൽ കണ്ണൂരിൽ

ന്യൂഡല്‍ഹി: 23 ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വെച്ച്‌ നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ(എം) കേന്ദ്രകമ്മറ്റി യോഗത്തില്‍ തീരുമാനമായി. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ വച്ച്‌ നടത്തുന്നത്. ഇതാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബറോട് കൂടി ആരംഭിക്കും.

നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ധാരണയായി. തലമുറമാറ്റമടക്കം കേരളത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു.

അതേസമയം പശ്ചിമബംഗാളിലെ രാഷ്ട്രീയ നയങ്ങളിലും തീരുമാനങ്ങളിലും ബംഗാള്‍ ഘടകത്തിനെതിരെ വലിയ വിമര്‍ശനമുണ്ടായി. കോണ്‍ഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നിലപാടുകള്‍ കേന്ദ്രകമ്മിറ്റിയില്‍ ചിലര്‍ ഉയര്‍ത്തി. പശ്ചിമബംഗാളില്‍ തിരിച്ചുവരാന്‍ എന്താണ് വേണ്ടതെന്ന കാര്യം പാര്‍ട്ടി സമ്മേളനങ്ങളില്‍ കാര്യമായി ചര്‍ച്ച ചെയ്യണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.

Advertisements

ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തില്‍ വച്ച്‌ ഇരുപതാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങള്‍ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളില്‍ മാത്രം വിര്‍ച്ച്‌വല്‍ ആയി സമ്മേളനങ്ങള്‍ നടത്തും.

കോവിഡ് സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ എങ്ങനെ നടത്തും എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആശങ്കയുണ്ടെന്നാണ് സൂചന. മൂന്നാം തരംഗം അടക്കം സ്ഥിതി മോശമായാല്‍ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

പാര്‍ട്ടി പൊളിറ്റ് ബ്യുറോയിലെ ശക്തമായ വനിതാ സാന്നിധ്യമായ ‘വൃന്ദാ കാരാട്ടിനെ ആദ്യത്തെ വനിതാ ജനറല്‍ സെക്രട്ടറിയായി കൊണ്ടുവരാനും താല്‍പര്യപ്പെടുന്നവരുണ്ട്. കോണ്‍ഗ്രസിന്റെ തലപ്പത്ത് സോണിയാ ഗാന്ധിയും പ്രിയങ്കയും നിലയുറപ്പിച്ചിരിക്കെ സി.പിഎമ്മിന്റ വനിതാ മുഖമായ വൃന്ദ പാര്‍ട്ടിയുടെ അമരത്തേക്ക് വരുന്നതിന് ബംഗാള്‍ ഘടകമാണ് ഏറെ താല്‍പര്യമെടുക്കുന്നത് ‘ബംഗാളില്‍ മമ്ത ബാനര്‍ജി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വൃന്ദയ്ക്ക് കഴിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

പാര്‍ട്ടി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന തമിഴ് നാട്ടില്‍ നടത്തണമെന്ന് സംസ്ഥാന ഘടകം ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ സിപിഎം രണ്ടാം തവണ തുടര്‍ച്ചയായി അധികാരത്തിലേറിയ കേരളത്തില്‍ നടത്തുന്നതിനായിരുന്നു പി.ബിയില്‍ മുന്‍തൂക്കം. ബര്‍ണശേരിയിലെ നായനാര്‍ അക്കാദമിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്നാണ് വിലയിരുത്തല്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *