KOYILANDY DIARY

The Perfect News Portal

സുന്ദരമായ പുഞ്ചിരിക്ക് ഏഴ് വഴികള്‍

ഹൃദ്യമായ, ആത്മവിശ്വാസത്തോടെയുള്ള ഒരു ചിരിയുലൂടെ നിങ്ങള്‍ക്ക് ഈ ലോകത്തെ തന്നെ കീഴടക്കാനാകും. ഉന്മഷമുള്ള ശ്വാസവും വെളുത്ത പല്ലുകളുമാണ് നിങ്ങള്‍ക്ക് പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസം തരുന്നത്. എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമേ നിരയൊത്ത പല്ലുകളാല്‍ അനുഗൃഹീതരായിട്ടുള്ളൂ. ദന്തരോഗങ്ങളാലും മറ്റും ബുദ്ധിമുട്ടുന്നവര്‍ കുറച്ചൊന്നുമല്ല. അല്‍പം ശ്രദ്ധിച്ചാല്‍ മിക്കദന്തരോഗങ്ങളെയും അകറ്റാനാകും. ദന്തരോഗങ്ങളെ അറ്റുന്നതിന് ചില ശീലങ്ങള്‍ തന്നെ വളര്‍ത്തേണ്ടി വരും.

1. ഓര്‍ക്കുക, പല്ലുകള്‍ ആയുധങ്ങളല്ല

വസ്ത്രങ്ങളിലെ തൊങ്ങലുകള്‍ നീക്കം ചെയ്യുക, കട്ടിയുള്ള വസ്തുക്കള്‍ പൊട്ടിക്കുക, അടപ്പുകള്‍ തുറക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിന് മിക്കവാറും പേര്‍ പല്ലുകളെയാണ് ആശ്രയിക്കുന്നത്. നിങ്ങള്‍ പല്ലുകളോട് ചെയ്യുന്ന വലിയ ക്രൂരതയാണിതെന്ന് ഓര്‍ക്കുക. ഭക്ഷണപഥാര്‍ങ്ങള്‍ ചവച്ചരയ്ക്കുന്നതിനുള്ളവയാണ് പല്ലുകള്‍ . പല്ലുകളെ ആയുധങ്ങളാക്കുന്നതിലൂടെ പല്ലിന്‍റെ ഇനാമലിനു ചെറിയ തോതില്‍ പൊട്ടല്‍ ഉണ്ടാകും. ഇത് ഭാവിയില്‍ ദന്തരോഗങ്ങളിലേക്ക് നയിക്കും.

Advertisements

2. ടൂത്ത്പേസ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍

വില കുറഞ്ഞ ടൂത്ത് പേസ്റ്റുകളും വിലകൂടിയവയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ തെറ്റിപ്പോയി, കേട്ടോ. ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കേണ്ടതാണ് ടൂത്ത് പേസ്റ്റുകള്‍ എന്നതാണ് സത്യം. മിക്കവാറും ടൂത്ത് പേസ്റ്റുകളില്‍ ഗ്ലിസറിന്‍ അടങ്ങിയിട്ടുണ്ട്. അവ പല്ലുകള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. പല്ലുകള്‍ക്കാവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങി മറ്റ് ധാതുക്കളും ലഭിക്കുന്നത് ഉമിനീരിലൂടെയാണ്. ഗ്ലിസറിന്‍ അടങ്ങിയ പേസ്റ്റുകള്‍ ഉപയോഗിച്ചാല്‍ അവ പല്ലുകള്‍ ചുറ്റും കവചം തീര്‍ത്ത് പല്ലുകളെ ധാതുക്കള്‍ ലഭിക്കുന്നതില്‍ നിന്ന് തടയും. അതിനാല്‍ ഗ്ലിസറിനില്ലാത്ത പേസ്റ്റ് തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

3. രണ്ടുനേരം പല്ലു തേയ്ക്കുന്നത് ശീലമാക്കുക

വളരെ ചെറുപ്രായത്തില്‍ തന്നെ നാം ശീലിക്കുന്നതാണ് രാവിലെ പല്ല് തേയ്ക്കുക എന്നത്. എന്നാല്‍ ദിവസവും രണ്ടു നേരം പല്ല് തേയ്ക്കാന്‍ പലരും മറക്കാറുണ്ട്. നന്നായി ബ്രഷ് ചെയ്യുന്നതിലൂടെ പല്ലിനിടയ്ക്ക് അടിഞ്ഞു കൂടുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കാനാകും. 45 ഡിഗ്രി ബ്രഷ് ചരിച്ച് പിടിച്ചാണ് പല്ല് തേയ്ക്കേണ്ടത്. മോണയും പല്ലും ചേരുന്ന ഭാഗവും ബ്രഷ് ചെയ്യേണ്ടതാണ്. മുന്നോട്ടും പിന്നോട്ടും ബ്രഷ് ചലിപ്പിച്ച് ബ്രഷ് ചെയ്യുക. മൃദുവായ ബ്രഷാവണം പല്ലുകള്‍ വൃത്തിയാക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത്.

4. നാവ് വൃത്തിയാക്കാന്‍ മറക്കല്ലേ

ആരോഗ്യവും സൌന്ദര്യവുമുള്ള പുഞ്ചിരി ഉണ്ടാകാനായി നിങ്ങള്‍ ചെയ്യേണ്ട ഒരു പ്രധാനകാര്യം കൂടിയുണ്ട്. നാവ് വൃത്തിയാക്കുകയാണത്. എല്ലാ ദിവസവും നാവ് വൃത്തിയാക്കേണ്ടത് ആവശ്യമാണ്, കാരണം ബാക്ടീരിയക്ക് സുഖമായി കഴിയാന്‍ പറ്റുന്ന സ്ഥലമാണ് നാവ്. ടൂത്ത് ബ്രഷ് ഉപയോഗിച്ചും നിങ്ങള്‍ക്ക് നാവ് വൃത്തിയാക്കാം. എങ്കിലും ടങ് ക്ലീനര്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഏറെ നന്ന്. സ്പൂണ്‍ ആകൃതിയിലുള്ള ടങ് ക്ലീനര്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

5. നൂര്‍ ഉപയോഗിച്ച് വൃത്തിയാക്കുക

പല്ല് തേയ്ച്ച് വൃത്തിയാക്കി കഴിഞ്ഞാല്‍ നൂല്‍ ഉപയോഗിച്ച് രണ്ടു പല്ലുകള്‍ തമ്മില്‍ ചേരുന്ന ഭാഗം വൃത്തിയാക്കാവുന്നതാണ്. ഒരോ പല്ലുകള്‍ക്കിടയും വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വാക്സുള്ള നൂലുകള്‍ വേണം പല്ലുകള്‍ വൃത്തിയാക്കാനായി തെരഞ്ഞെടുക്കേണ്ടത്. ഈ രീതിയില്‍ പല്ലുകള്‍ വൃത്തിയാക്കാന്‍ കുറച്ചു കൂടുതല്‍ സമയമെടുക്കുമെന്നോര്‍ത്ത് വിഷമുക്കേണ്ട. ഇത് പല്ലുകള്‍ക്ക് ആരോഗ്യവും ഭംഗിയും പ്രധാനം ചെയ്യുമെന്നതില്‍ സംശയമില്ല.

6. കുലുക്കുഴിയാന്‍ മടികാണിക്കല്ലേ…

ബ്രഷിങും മറ്റും കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് വായ് കുലുക്കുഴിയുകയാണ്. നല്ലൊരു മൌത്ത് വാഷ് ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. നേര്‍പ്പിച്ച ഹൈഡ്രജന്‍ പെറോക്സൈഡോ ഫ്ലൂറൈഡോ ഇതിനായി തെരഞ്ഞെടുക്കാം. ഇവ ബാക്ടീരിയകളെ തുരത്തുക മാത്രമല്ല പല്ലുകളെ ബലമുള്ളതാക്കുകയും ചെയ്യും. പല്ലു വേദനയുള്ളവര്‍ ഫ്ലൂറൈഡ് അടങ്ങിയ മൌത്ത് വാഷുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

7. ആരോഗ്യപ്രദമായ ഭക്ഷണം…

അമ്ലമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ പല്ലിന് ദോഷം ചെയ്യും. അമ്ലം അടങ്ങിയ ഭക്ഷണം പല്ലിന്‍റെ ഇനാമലിനെ പ്രതികൂലമായി ബാധിക്കുമ്പോള്‍ മധുരമുള്ളവ മോണയുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. അമ്ലവും മധുരവും അടങ്ങിയ ഭക്ഷണത്തെ ക്രമീകരിക്കുന്നതിലൂടെ നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനാകും. ഇടയ്ക്കിടയ്ക്ക് മിഠായി നുണയുന്ന ശീലമുള്ളവര്‍ ഓര്‍ക്കുക, നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം അപകടത്തിലാണ്.

ആരോഗ്യമുള്ള സുന്ദരമായ ചിരി നിലനിര്‍ത്താന്‍ എളുപ്പമാണ്. പല്ലുകളും മോണയും വൃത്തിയായി സൂക്ഷിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇതിനായി ഏതാനം മിനിട്ടുകള്‍ മാത്രം ചെലവഴിച്ചാല്‍ മതിയാകും.