KOYILANDY DIARY

The Perfect News Portal

പന്തലായനി സൗത്ത്‌ സുരക്ഷ പാലിയേറ്റീവിന് ദമ്പതികൾ ധനസഹായവും മെഡിക്കൽ ഉപകരണങ്ങളും നൽകി

കൊയിലാണ്ടി: പന്തലായനി സൗത്ത്‌ സുരക്ഷ പെയിൻ & പാലിയേറ്റീവ് യൂണിറ്റിന് ദമ്പതികൾ ധനസഹായവും മെഡിക്കൽ ഉപകരണങ്ങളും കൈമാറി. പ്രവാസിയും പന്തലായനി സ്വദേശിയുമായ മഠത്തിൽ ഷാജിയും സുനിതയുമാണ് സുരക്ഷയ്ക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയത്. ഇവരുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പാലിയേറ്റീവ് ചെയർമാൻ സി.കെ. ആനന്ദൻ, സെക്രട്ടറി അഭിഷേക്, മുൻ കൌൺസിലർ വി.കെ. രേഖ, പി.എം. കുഞ്ഞിക്കണാരൻ എന്നിവർ ചേർന്ന് സുനിതയിൽ നിന്ന് പണവും ഉപകരണവും ഏറ്റുവാങ്ങി. ചടങ്ങിൽ എം. സുധീഷ്, എം. ഗോപി എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ മാസമാണ് സുരക്ഷ പാലിയേറ്റീവ് യൂണിറ്റ് രൂപീകരണവും ഉദ്ഘാടനവും നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചത്. സുരക്ഷയ്ക്ക് നാട്ടുകാരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പലരും ഉപകരണങ്ങൾ സ്പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

യൂണിറ്റിലെ കിടപ്പ് രേഗികളുടെ സർവ്വേ പൂർത്തിയാക്കി ഉടൻ തന്നെ അവരെ പരിചരിക്കാനും സാന്ത്വനമേകാനും വളണ്ടിയർ സേന രൂപീകരിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്നവർക്ക് വീടുകളിലെത്തി സൗജന്യമായി ബി.പി, ഷുഗർ പരിശോധന നടത്തും, വീടുകളിൽ അണുനശീകരണം, ജലജന്യ രോഗങ്ങൾ തടയുന്നതിന് ഫോഗിംഗ് എന്നിവ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ നേതൃത്വത്തിൽ സൗജന്യ സേവനമായി നടത്തും. ഓക്സിജൻ അളവ് പരിശോധന, നടക്കാൻ പ്രയാസമുള്ളവർക്ക് വാക്കർ, സ്റ്റിക്, കിടപ്പ് രോഗികൾക്ക് എയർ ബെഡ്ഡ്, വാട്ടർ ബെഡ്ഡ്, നെബുലൈർ, വാഹന സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വീടുകളിൽ സർവ്വെ നടത്താൻ എത്തുന്നവർക്ക് പൂർണ്ണ സഹകരണം നൽകണമെന്നും സുരക്ഷ പാലിയേറ്റീവിന് എല്ലാവിധ സഹായ സഹകരണങ്ങൾ നൽകണമെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *