KOYILANDY DIARY

The Perfect News Portal

വേളാങ്കണ്ണി: വിശുദ്ധിയുടെയും അത്ഭുതങ്ങളുടെയും നാട്‌

നാനാജാതിമതസ്ഥര്‍ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്‌ വേളാങ്കണ്ണി. തമിഴ്‌നാടിന്റെ കോറമാണ്ഡല്‍ തീരത്ത്‌ നാഗപട്ടിണം ജില്ലയിലാണ്‌ വേളാങ്കണ്ണി സ്ഥിതി ചെയ്യുന്നത്‌. ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ എന്ന്‌ അറിയപ്പെടുന്ന വിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയം ഇവിടെയുണ്ട്‌. ചെന്നൈയ്‌ക്ക്‌ തെക്ക്‌ 325 കിലോമീറ്റര്‍ അകലെയാണ്‌ വേളാങ്കണ്ണി. ചെന്നൈയില്‍ നിന്ന്‌ വളരെ എളുപ്പം ഇവിടെ എത്താന്‍ കഴിയും.

1560ല്‍ വിശുദ്ധ കന്യാമറിയം വേളാങ്കണ്ണയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ്‌ വിശ്വാസം. വേളാങ്കണ്ണിയുടെ മതപരമായ പ്രാധാന്യം ആരംഭിക്കുന്നത്‌ അന്നുമതലാണ്‌. കന്യാമറിയം തന്റെ പുത്രനായ യേശുവിന്റെ ദാഹം അകറ്റാനായി ഒരു ആട്ടിടയനോട്‌ അല്‍പ്പം പാല്‍ ചോദിച്ചതായി പറയപ്പെടുന്നു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്‌ക്കായി ഇവിടെ ഒരു ചാപ്പല്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. നിരവധി അത്ഭുതങ്ങള്‍ക്ക്‌ സാക്ഷിയായ പ്രദേശമാണ്‌ വേളാങ്കണ്ണിയെന്ന്‌ വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട്‌ തന്നെ ഇവിടം അത്ഭുതങ്ങളുടെ നാട്‌ എന്നും അറിയപ്പെടുന്നു.

ഇവിടെ നടന്നതായി പറയപ്പെടുന്ന ഒരു അത്ഭുതത്തെ കുറിച്ച്‌ പറയാം. പതിനേഴാം നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച്‌ ഒരു പോര്‍ച്ചുഗീസ്‌ കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടു. തങ്ങള്‍ സുരക്ഷിതമായ കരയില്‍ എത്തിയാല്‍ എത്തുന്ന സ്ഥലത്ത്‌ കന്യാമറിയത്തിന്‌ ഒരു പള്ളി നിര്‍മ്മിക്കാമെന്ന്‌ കപ്പിലില്‍ ഉണ്ടായിരുന്നവര്‍ നേര്‍ന്നു. തുടര്‍ന്ന്‌ കൊടുങ്കാറ്റ്‌ ശമിക്കുകയും കപ്പല്‍ വേളാങ്കണ്ണി തീരത്ത്‌ അടുക്കുകയും ചെയ്‌തു. കന്യാമറിയത്തിന്റെ ജന്മനാളായ സെപ്‌റ്റംബര്‍ എട്ടിനാണ്‌ പോര്‍ച്ചുഗീസ്‌ കപ്പല്‍ സുരക്ഷിതമായി തീരത്തെത്തിയത്‌. തങ്ങളുടെ നേര്‍ച്ച്‌ പൂര്‍ത്തിയാക്കുന്നതിനായി നാവികര്‍ അവിടെ ഉണ്ടായിരുന്ന പള്ളി പുതുക്കിപ്പണിതെന്നുമാണ്‌ വിശ്വാസം. ഈ സംഭവം കഴിഞ്ഞിട്ട്‌ ഏതാണ്ട്‌ 500 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും ഈ അത്ഭുതത്തിന്റെ ഓര്‍മ്മ പുതുക്കാനായി എല്ലാവര്‍ഷവും ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ വേളാങ്കണ്ണി സന്ദര്‍ശിക്കുന്നു.

Advertisements

വേളാങ്കണ്ണി മാതാവിന്റെ ആരാധനാലയം രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌. കന്യാമറിയം നടത്തിയ രണ്ട്‌ മായാജാലങ്ങളും ഇവിടെ നടന്നതായി പറയപ്പെടുന്ന അത്ഭുതങ്ങളില്‍ ഉള്‍പ്പെടുന്നു. ആദ്യത്തെ സംഭവത്തില്‍ ഒരു ഹിന്ദു ബാലന്‍ ഒരു പാത്രത്തിലുണ്ടായിരുന്ന പാലിന്റെ പകുതി വിശുദ്ധ കന്യാമറിയത്തിന്‌ നല്‍കി. അതിനുശേഷവും ആ പാത്രത്തില്‍ നിറയെ പാല്‍ ഉണ്ടായിരുന്നു. കന്യാമറിയത്തിന്‌ മോര്‌ നല്‍കിയ വികാലംഗനായ ബാലനെ സുഖപ്പെടുത്തിയതാണ്‌ രണ്ടാമത്തെ അത്ഭുതം.

വേദനയുടെയും പ്രതീക്ഷയുടെയും കഥ: സുനാമിയും അതിനുശേഷവും 2004 ഡിസംബര്‍ 26ന്‌ ആഞ്ഞടിച്ച്‌ സുനിമി വേളാങ്കണ്ണിയെ തകര്‍ത്തെറിഞ്ഞു. രാക്ഷസത്തിരമാലകള്‍ നിരവധ്‌ ജീവനുകള്‍ കവര്‍ന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തെക്കന്‍ തീരം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇത്‌ മാറി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന്‌ തന്നെ ആരംഭിച്ചു. ദുരന്തത്തിനിരയായവരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ നടത്തിയ പരിശ്രമങ്ങള്‍ വേളാങ്കണ്ണി നിവാസികളുടെ മനുഷ്യത്വം വെളിപ്പെടുത്തുന്നതായിരുന്നു. സുനാമിയുടെ മുറിപ്പാടുകളൊന്നും ഇന്ന്‌ വേളാങ്കണ്ണിയില്‍ കാണാനാകില്ല. ഇവിടുത്തെ കടകളില്‍ വില്‍ക്കുന്ന സിഡികളില്‍ മാത്രമേ സുനാമിയില്‍ തകര്‍ന്ന വേളാങ്കണ്ണി അവശേഷിക്കുന്നുള്ളൂ.

വേളാങ്കണ്ണി ബസലിക്ക, ദ മ്യൂസിയം ഓഫ്‌ ഓഫറിംഗ്‌സ്‌, ഷ്രൈന്‍ ഡിപ്പോ, വേളാങ്കണ്ണി ബീച്ച്‌ എന്നിവ ഇവിടുത്തെ കാഴ്‌ചകളില്‍ ഉള്‍പ്പെടുന്നു. ദ ഫൗണ്ടന്‍ ഓഫ്‌ റെവെലേഷന്‍, വിശുദ്ധ പാത, ലേഡീസ്‌ ടാങ്ക്‌ ചര്‍ച്ച്‌ എന്നിവയും സന്ദര്‍ശിക്കാവുന്നതാണ്‌. എടിഎമ്മുകള്‍, ഹോട്ടലുകള്‍, റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളും വേളാങ്കണ്ണിയിലുണ്ട്‌. ഷ്രൈന്‍ ഡിപ്പോയില്‍ നിന്ന്‌ കരകൗശല വസ്‌തുക്കളും ആരാധനാ വസ്‌തുക്കളും വാങ്ങാം. വേളാങ്കണ്ണിയെ കുറിച്ചും വേളാങ്കണ്ണിയുടെ പാരമ്പര്യത്തെ കുറിച്ചും അറിയണമെന്നുള്ളവര്‍ക്കായി ഇവിടെ ഒരു ഇന്‍ഫര്‍മേഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്‌