കൊയിലാണ്ടിയിൽ നിയമം ലംഘിച്ച് ഓട്ടോറിക്ഷകൾ സർവ്വീസ് ആരംഭിച്ചു: പോലീസിന് മൗനം
കൊയിലാണ്ടിയിൽ ലോക് ഡൌൺ നിയമം ലംഘിച്ച് ഓട്ടോറിക്ഷകൾ സർവ്വീസ് ആരംഭിച്ചു. പോലീസ് ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നിലവിൽ ജൂൺ 9 വരെയാണ് ലോക് ഡൌൺ നീട്ടിയിട്ടുള്ളത്. ലോക് ഡൌൺ പ്രഖ്യപിച്ച മുതൽ ഇതുവരെ സംസ്ഥാന സർക്കാർ പൊതു ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിന് ചേർന്നുള്ള ഓട്ടോ സ്റ്റാൻ്റിലാണ് ഒരു വിഭാഗം ഓട്ടോറിക്ഷകൾ ലൈനിൽ നിർത്തിയിട്ട് സർവ്വീസ് ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഇത്തരത്തിൽ കാക്കിയണിഞ്ഞ് സർവ്വീസ് നടത്തുന്നുണ്ട്.

50ൽ അധികം ഓട്ടോറിക്ഷകൾ ഇപ്പോൾ സർവ്വീസ് നടത്തുന്നതായാണ് വിവരം. കോഴിക്കോട് ജില്ലയിൽ മറ്റൊരിടത്തും കാണാത്ത തരത്തിലാണ് കൊയിലാണ്ടിയിൽ നിയമലംഘനം നടക്കുന്നത്. കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ സർക്കാർ സംവിധാനവും കൊയിലാണ്ടിയിലെ ആരോഗ്യ വിഭാഗവും എല്ലാവിധ സംവിധാനങ്ങളും കടുത്ത നിയന്ത്രണങ്ങളും തുടരുന്നതിനിടെയാണ് രോഗവ്യാപനം വർദ്ദിപ്പിക്കുന്നതിന് കാരണമാകുന്ന രീതിയൽ ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നത്. ഓട്ടോറിക്ഷയിൽ രണ്ടിൽ കൂടുതൽ ആളുകൾ സർവ്വീസ് നടത്തുന്നുമുണ്ട്. നഗരസഭ ആരോഗ്യ വിഭാഗവും പോലീസും ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


