നന്ദകുമാർ മൂടാടിയുടെ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ മീഡിയ ക്ലബ്ബ് നന്ദകുമാർ മൂടാടിയുടെ ‘വേറിട്ട കാഴ്ചകൾ’ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. ബീന പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. വൽസല അധ്യക്ഷത വഹിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ ചേതോഹര ദൃശ്യങ്ങളും മനുഷ്യജീവിതത്തിന്റെ വേറിട്ട അവസ്ഥകളും തുറന്നുകാണിക്കുന്നതായി നന്ദകുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനം. അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നിരവധി ദേശീയ പുരസ്‌കാരങ്ങളും നേടിയ നന്ദകുമാറിന്റെ നൂറോളോ ചിത്രങ്ങളാണ് സ്‌കൂൾ പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ പ്രദർശിപ്പിച്ചത്. വാർധക്യത്തിന്റെ അനിശ്ചിതമായ കാത്തിരിപ്പും വിഹ്വലതകളും പ്രതീക്ഷകൾ അവസാനിച്ച അടഞ്ഞവാതിലും ഗ്രാമ വിശുദ്ധിയുടെ ഉത്സവ കാഴ്ചകളും ആരെയോ പ്രതീക്ഷിക്കുന്ന ഏകാകിയായ തോണിക്കാരനും വെളിയിലക്കാടുകളുടെ ഗൃഹാതുരതയും തിരകൾ മണലിൽ കോറിയിട്ട രേഖാചിത്രങ്ങളും കാഴ്ചക്കാരിൽ വിസ്മയം സൃഷ്ടിക്കുന്ന സർഗ്ഗ സൃഷ്ടികളായി. മനോഹരങ്ങളായ പെയിന്റിംഗുകളെ അനുസ്മരിപ്പിക്കുന്ന ചില കാമറക്കാഴ്ചകൾ അപൂർവ്വവും വ്യത്യസ്തവുമായ ദൃശ്യാനുഭവങ്ങളൊരുക്കി. ഗവ. ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ ജേണലിസം വിദ്യാർത്ഥികളുടെ മീഡിയ ക്ലബ്ബാണ് പ്രശസ്ത ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫർ നന്ദകുമാർ മൂടാടിയുടെ ചിത്രങ്ങളുടെ പ്രദർശനം ‘വേറിട്ട കാഴ്ചകൾ’ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമരസേനാനി കേളപ്പജിയുടെ ചെറുമകൻ കൂടിയാണ് നന്ദകുമാർ. മീഡിയ ക്ലബ്ബ് കോ-ഓർഡിനേറ്റർ സാജിദ് ഏക്കാട്ടൂർ, കെ രാജേന്ദ്രൻ, കെ എൻ ഷിജി, കെ ജെ മനോജ്, എ സുഭാഷ്‌കുമാർ, എം ജി ശ്രീലക്ഷ്മി, കെ അമർനാഥ് എന്നിവർ സംസാരിച്ചു.
