KOYILANDY DIARY

The Perfect News Portal

അമിതകോപം നിങ്ങളെ രോഗിയാക്കും

കോപം ചിലപ്പോള്‍ ചിലതെല്ലാം നഷ്ടപ്പെടുത്തുവാനും അതേസമയം ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാനും ഒരുപോലെ സഹായിച്ചേക്കാം. സന്തോഷം , ഭയം , ദുഃഖം എന്നിവ പോലെ തന്നെ മനുഷ്യസഹജമായ ഒരു വികാരമാണ് കോപം.

മിതമായ രീതിയില്‍ ഈ വികാരങ്ങളെല്ലാം ഒരു വ്യക്തിയിലുണ്ടാകുന്നത് ആരോഗ്യകരമാണ്. എന്നാല്‍ ഇവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കുടുംബബന്ധങ്ങളിലും സൌഹൃദത്തിലും ഒരു വ്യക്തിക്ക് ദോഷകരമായേക്കും.

കോപം അമിതമാകുന്നതും എന്നാല്‍ തീരെ ഇല്ലാതിരിക്കുന്നതും അനാരോഗ്യകരമാണ്. താന്‍ കടന്നുപോകുന്ന മാനസികാവസ്ഥയുടെ പ്രതിഫലനമായാണ് പലപ്പോഴും കോപം ഒരു വ്യക്തി പ്രകടിപ്പിക്കുന്നത്. പലപ്പോഴും സാഹചര്യമാണ് ഒരു വ്യക്തിയില്‍ കോപം എന്ന വികാരത്തെ ഉണര്‍ത്തുന്നതെന്ന് പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ പ്രത്യേക സാഹചര്യത്തെ കുറിച്ചുള്ള ചിന്തകളോ വ്യാഖ്യാനങ്ങളോ ആണ് കോപത്തിനിടയാക്കുന്നത്.

Advertisements

ചിലര്‍ കുട്ടിക്കാലം മുതലേ നിസ്സാര കാര്യത്തിന് പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലേ? ഇത്തരക്കാരില്‍ ജന്മനാ തന്നെ കോപം അല്‍പം കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ പ്രയാസമാണ്. അവരുടെ മരണം വരെ ഈ പ്രവണത കാണുമെങ്കിലും സ്വയം വിചാരിച്ചാല്‍ ദേഷ്യത്തിന്റെ തീവ്രത കുറയ്ക്കാനാകും. താനനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും മറ്റും ഒരു വ്യക്തിയെ ദേഷ്യക്കാരനാക്കി മാറ്റാറുണ്ട്. ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നടക്കാതിരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അപ്രതീക്ഷിതമായ രീതിയില്‍ പെരുമാറ്റം ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഇച്ഛാഭംഗം കോപത്തിന് കാരണമാകാറുണ്ട്.

കോപം വരുമ്പോള്‍ ഒരു വ്യക്തിയില്‍ മാനസികമായ മാറ്റങ്ങള്‍ക്ക് ഒപ്പം ശാരീരികമായ മാറ്റങ്ങളുമുണ്ടാകും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതോടൊപ്പം ഹൃദയമിടിപ്പും സ്‌ട്രെസ്സ് ഹോര്‍മോണായ അഡ്രിനാലിന്റെ അളവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ദേഷ്യം മാറുമ്പോള്‍ ഇവയെല്ലാം തന്നെ പഴയ നിലയിലാകുകയും ചെയ്യും. എന്നാല്‍ നിരന്തരം ദേഷ്യപ്പെടുമ്പോള്‍ രോഗങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇടയ്ക്കിടെ ദേഷ്യപ്പെടുന്നവരില്‍ ഇത്തരം മാറ്റങ്ങള്‍ സ്ഥരിമായി നിലനില്‍ക്കുകയും പലതരം രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. സാധാരണയായി ദേഷ്യം അധികമായുള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മൈഗ്രേന്‍ തുടങ്ങിയവയും ഹൃദ്രോഗ സംബന്ധമായ രോഗങ്ങളും കണ്ടുവരുന്നു.

ശാരീരിക മാറ്റങ്ങളെ കൂടാതെ ചിന്താരീതിയിലും അമിതമായ കോപം മാറ്റങ്ങളുണ്ടാക്കുന്നു. ദേഷ്യപ്പെടുമ്പോള്‍ പഴയ പല സംഭവങ്ങളും , ചിലപ്പോള്‍ സാഹചര്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതുമായ സംഭവങ്ങള്‍ , മനസ്സില്‍ വരികയും ദേഷ്യത്തോടെ സംസാരിക്കുകയും ചെയ്യും. കൂടാകെ അമിതമായ ദേഷ്യം പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും.

സാധാരണയായി ദേഷ്യം വരുമ്പോള്‍ ആക്ടീവ് അഗ്രഷന്‍ , പാസീവ് അഗ്രഷന്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് പ്രകടിപ്പിക്കുന്നത്. ഉച്ചത്തില്‍ സംസാരിക്കുക, സാധനങ്ങള്‍ വലിച്ചെറിയുക, മറ്റുള്ളവരെ ഉപദ്രവിക്കുക എന്നിവയെല്ലാം ആക്ടീവ് അഗ്രഷന്റെ ഭാഗമായി ചെയ്‌തേക്കാം. എന്നാല്‍ പാസീവ് അഗ്രഷനില്‍ പിണങ്ങിയിരിക്കുകയും മറ്റുള്ളവരില്‍ നിന്ന് മാറി ഒറ്റപ്പെട്ട് നില്‍ക്കുകയും പ്രകോപനപരമായ കാര്യങ്ങള്‍ ചെയ്യുകയുമാണ് പതിവ്. കൂടാതെ ഒരാളോടുള്ള ദേഷ്യം മറ്റൊരാളോട് കാണിക്കുന്നവരുമുണ്ട്. ഉദാഹരണത്തിന് ഓഫീസില്‍ ബോസിനോടുള്ള ദേഷ്യം വീട്ടിലെത്തി ഭാര്യയോട് പ്രകടിപ്പിക്കുന്നത് . ഇതിനെ ഡിസ്‌പ്ലേസ്ഡ് ആങ്കര്‍ എന്നാണ് പറയുന്നത്.

അമിതമായ കോപം പോലെ തന്നെ ദേഷ്യം ഒട്ടും പ്രകടിപ്പിക്കാത്ത അവസ്ഥയും ദോഷകരമാണ്. അത്തരം വ്യക്തികള്‍ തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കാതെ ഉള്ളിലടക്കി ഇരിക്കുകയാണ് ചെയ്യുന്നത്. ഇത് മനസ്സിന് താങ്ങാവുന്നതിനും അപ്പുറമാകുമ്പോള്‍ അവരിലുണ്ടാകുന്ന പ്രതികരണം നിയന്ത്രിക്കാവുന്നതിന് അപ്പുറമാകും. ഇതുണ്ടാക്കുന്ന മാനസിക ശാരീരിക സാമൂഹിക പ്രത്യാഘാതങ്ങള്‍ വലുതാണ്.