തിക്കോടിയിൽ 21 ഇനം ദേശാടന പക്ഷികളെ കണ്ടെത്തി

കൊയിലാണ്ടി: തിക്കോടി കേരള വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെയും കോഴിക്കോട് മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെും സംയുക്താഭിമുഖ്യത്തില്‍ ഡോക്ടര്‍ സാലിം അലിയുടെ ഓര്‍മ്മ ദിനമായ ഇന്നലെ തിക്കോടി കടല്‍തീരത്തെ ദേശാടകരായ തീര പക്ഷികളുടെ മോണിറ്ററിംഗ് സര്‍വേ നടത്തി. ഇവിടെ 21 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. 19 പേരടങ്ങുന്ന വിദഗ്ധ സംഘമാണ് സര്‍വ്വേ നടത്തിയത്. ദേശാടന കാലം ആരംഭിച്ചെങ്കിലും തീരങ്ങളില്‍ പക്ഷികളുടെ സാന്നിധ്യം പൊതുവെ കുറവാണെന്നാണ് പക്ഷി നിരീക്ഷകരുടെ അഭിപ്രായം.
തീരങ്ങളിലെ മാലിന്യകൂമ്പാരം ഒരളവുവരെ പക്ഷികളുടെ കൂട്ടായ വരവിന് തടസ്സം വന്നിട്ടുണ്ട്. തെറ്റികൊക്കന്‍ തിരക്കാട , മണല്‍ കോഴികള്‍ ,പച്ചക്കാലി എന്നീ സാധാരണ ദേശാടനകരുടെ എണ്ണത്തില്‍ കുറവില്ല. വലിയ കടല്‍ ആള, തവിട്ടു തലയന്‍ കടല്‍കാക്ക ,തിരമുണ്ടി എന്നീ 21 ഇനം പക്ഷികളെയാണ് ഏകദിന കണക്കെടുപ്പില്‍ കണ്ടെത്തിയത്. തിക്കോടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു.


ഫോറസ്റ്റര്‍ ടി. സുരേഷ് സ്വാഗതവും എം.എന്‍.എച്ച്.എസ് പ്രസിഡന്റ് സത്യന്‍ മേപ്പയൂര്‍ അദ്ധ്യക്ഷതയും വഹിച്ചു. തീര പക്ഷികളുടെ ദേശാടനത്തെ അധികരിച്ച് കോഴിക്കോട് ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ സുവോളജി വിഭാഗം പ്രൊഫസര്‍ അബ്ദുല്‍ റിയാസ് ക്ലാസെടുത്തു. പ്രശസ്ത പക്ഷി നിരീക്ഷകനായഡോക്ടര്‍ സുധീര്‍ മുല്ലയ്ക്കല്‍ ഡോക്ടര്‍ വിനോദ് കുമാര്‍ അര്‍ജുന്‍ സി എന്നിവര്‍ നേതൃത്വം നല്‍കി .


