KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ അദ്ധ്യക്ഷതയിലായിരുന്നു മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 63 കോടി രൂപ ചിലവഴിച്ചാണ് ഹാർബർ നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് മഞ്ചേശരം, കൊയിലാണ്ടി എന്നീ രണ്ട് ഹാർബറുകളുടെയും ഉദ്ഘാടനം ഒരേ സമയമാണ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ഹാർബറിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഗാതാഗത മന്ത്രി എ.കെ. ശശീന്ദ്രനും ജില്ലയിലെ എം.എൽ.എ.മാരും ജനപ്രതിനിധികളും ആശംസകൾ നേർന്ന് സംസാരിച്ചു. ഹാർബർ എഞ്ചിനീയരിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ കൃഷ്ണൻ ബി.ടി.വി. റിപ്പോർട്ടവതരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഉദ്ഘാടനം നടന്നുകൊണ്ടിരിക്കെ വേദിയിലേക്ക് തള്ളിക്കയറാൻ ബിജെപി. നടത്തിയ ശ്രമം ഏറെനേരം സംഘർഷഭരിതമാക്കി. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. പലരുടെയും ക്യാമറയും ഉപകരണങ്ങളും നിലത്ത് വീണു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഭരണപക്ഷ മുന്നണിയിലെ പ്രവർത്തകർ ആത്മസംയമനം പാലിച്ചതുകൊണ്ട് മാത്രമാണ് സംഘർഷമില്ലാതെ അന്തരീക്ഷം ശാന്തമായത്. കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ.സി സുബാഷ് ബാബു, എസ്.ഐ. രാജേഷ് കുമാർ ഉൾപ്പെടെ 4 എസ്.ഐ.മാരും 30ൽ അധികം പോലീസുകാരും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അതിനിടയിലാണ് സംഘർഷം നടന്നത്. തുടർന്ന് വടകര ഡി.വൈ.എസ്.പി. പ്രിൻസ് എബ്രഹാം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിയൊടൊപ്പം എത്തിയ കാക്കൂർ എസ്‌ഐയും സംഘവും സ്ഥലത്തുണ്ടായിരുന്നു.

ഇന്നലെവരെ സംഘാടകസമിതിയുമായി സഹകരിച്ച് പ്രവർത്തിച്ച ബിജെപി രാഷ്ട്രീയ ലക്ഷ്യംവെച്ചാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ച് ആക്രമത്തിന് കോപ്പ് കൂട്ടിയതെന്ന് സി.പി.ഐ.എം ആരോപിച്ചു. മഖ്യമന്ത്രിയുടെ പ്രസംഗം കഴിയുന്നതിവരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. ചടങ്ങ് ബഹിഷ്‌ക്കരിച്ച കേന്ദ്ര മന്ത്രിയുടെ നടപടിയിൽ തന്റെ പ്രസംഗത്തിനിടെ കെ. മുരളീധരൻ എം.പി. ശക്തമായി പ്രതിഷേധിച്ചു. വികസന പ്രവർത്തനത്തിൽ രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി അണിനരക്കണമെന്നും അദ്ധേഹം പറഞ്ഞു.

Advertisements

നേരത്തെ ശക്തമായ കാറ്റിലും മഴയിലും നിരവധി മത്സ്യ തൊഴിലാളികളുടെ വള്ളം തകർന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതിനെ തുടർന്ന് നടത്തിയ ശ്രമത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ മത്സ്യതൊഴിലാളികൾക്ക് 53 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അനുവദിച്ച കാര്യം കെ. ദാസൻ എം.എൽ.എ. ചടങ്ങിൽ പ്രഖ്യാപിച്ചു.

വേദിയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും മറ്റ് ജില്ലയിലെ എം.എൽ.എ.മാരും, ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വേദിയിലുള്ള സമയത്താണ് അക്രമ സംഭവം നടന്നത്. വേദിക്ക് തൊട്ടടുത്തെത്തിയപ്പോൾ രണ്ട് പോലീസുകാർ മാത്രമാണ് വേദിക്കരികിലെത്തി പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചത്. സംഘർഷമുണ്ടാകുമെന്ന് സ്‌പെഷൽ ബ്രാഞ്ചിന് മുൻകൂട്ടി വിവരമുണ്ടായിരുന്നെന്നാാണ് അറിയുന്നത്. ബി.ജെ.പി. നേതാക്കളായ അഡ്വ. വി. സത്യൻ, എ.കെ. ജയൻ, കൌൺസിലർ കെ.വി. സുരേഷ് തുടങ്ങിയവുടെ നേതൃത്വത്തിലുള്ള 20 ഓളം പ്രവർത്തകരാണ് അക്രമ പ്രവർത്തനത്തിന് നേതൃത്വ നൽകിയത്.

റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, കെ. മുരളീധരൻ എം.പി, എം.എൽ.എ. മാരായ കെ. ദാസൻ, കമറുദ്ധീൻ, നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, മുൻ എം.എൽ.എ. പി. വിശ്വൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ശോഭ, നഗരസഭ വൈസ് ചെയർമാൻ വി.കെ. പത്മിനി, പൊതുമരാമത്ത് സ്റ്റാൻ്റിം കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ശെൽവരാജ്, കൌൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, റഹ്മത്ത്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കെ. മുഹമ്മദ്, ഇ.കെ. അജിത്ത്, സി. സത്യചന്ദ്രൻ, കബീർ സലാല, കെ. ലോഹ്യ, കെ.ടി.എം. കോയ, ജയരാജ്, ഇ.എസ്. രാജൻ, കിണറ്റിൻകര രാജൻ, പുസൈൻ കോയ തങ്ങൾ തുടങ്ങിയവരും ഹാർബർ മാനേജ് മെൻ്റ് കമ്മിറ്റി അംഗങ്ങൾ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ടിങ്കു ബിസ്വാൾ ഐ.എ.എസ്. സ്വാഗതം പറഞ്ഞു. ബി.ജെ.പി. ചടങ്ങ് ബഹിഷ്കരിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിയും ചടങ്ങിനെത്തിയില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *