KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ 91% കുറവ്

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് പതിനാറ് വരെ ഏകദേശം 45 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ജൂൺ മാസം ഒടുവിൽ ഏകദേശം പത്ത് ദിവസങ്ങളിലായി സംസ്ഥാനത്ത് പലയിടങ്ങളിലും വലിയ തോതിൽ മഴ ലഭിച്ചിരുന്നു. പക്ഷേ ഓഗസ്റ്റ് മാസം ആരംഭിച്ച് ഓഗസ്റ്റ് 18 വരെ കണക്കാക്കുമ്പോൾ മഴ 90% കുറവാണ്.

 

തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇക്കാലയളവിൽ ലഭിക്കേണ്ട മഴ 96 മില്ലിമീറ്റർ മഴയാണ്. തിരുവനന്തപുരത്ത് പക്ഷേ ലഭിച്ചത് 1.1 മില്ലിമീറ്റർ മഴ മാത്രമാണ്. അതായത് ഇതിനോടകം പെയ്യേണ്ട തൊണ്ണൂറ്റി ഒൻപത് ശതമാനം മഴയും തിരുവനന്തപുരത്ത് പെയ്തിട്ടില്ല എന്നുള്ളതാണ്. കൊല്ലം ജില്ലയിൽ 98 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

Advertisements

കണക്കുകളിലേക്ക് വരുമ്പോൾ 159.3 മില്ലിമീറ്റർ മഴ കൊല്ലത്ത് ലഭിക്കേണ്ടതാണ്, എന്നാൽ ലഭിച്ചത് 2.5 മില്ലിമീറ്റ മഴ മാത്രം. ഒപ്പം പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ 96 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത് ഈ പതിനെട്ട് ദിവസങ്ങളിൽ. മലപ്പുറം ജില്ലയിൽ 295.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് മലപ്പുറത്ത് ലഭിച്ചത് 12.7 മില്ലിമീറ്റർ മഴയാണ്. കോട്ടയത്ത് 274.2 രണ്ട് മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥലത്ത് ലഭിച്ചത് 10 മില്ലിമീറ്റർ മഴ.

സംസ്ഥാനം വരൾച്ചയിലേക്ക് നീങ്ങുകയാണോ എന്ന് പരിശോധിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ കൂടി പരിശോധിച്ചതിന് ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സർക്കാരിന് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകും. അത് അടുത്തയാഴ്ചയാകും റിപ്പോർട്ട് നൽകുകയെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.

Share news