KOYILANDY DIARY.COM

The Perfect News Portal

ഷൈജുവിനെ അറസ്റ്റ് ചെയ്തത് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും അശ്ലീല ഭാഷയിൽ സംസാരിച്ചതിനും: എച്ച്.എം.സി.

കൊയിലാണ്ടി:  കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ യുവാവിനെതിരെ പരാതി നല്‍കേണ്ടി വന്നത് ഡോക്ടറോട് അശ്ലീല ഭാഷയില്‍ സംസാരിച്ചതിനും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിൻ്റെയും പേരിലാണെന്ന് ആശുപത്രി മാനേജ്മെൻ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ആസ്പത്രി വികസന സമിതി യോഗത്തില്‍  ശക്തമായ പ്രതിഷേധമുയര്‍ന്നു.  കൂടാതെ ചില പത്രങ്ങളിൽ വന്ന വാർത്തകളിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. നിസ്സാര രോഗങ്ങളുടെ പേരില്‍ ഉച്ചയ്ക്ക് ശേഷമുളള അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ പരിശോധിക്കാനെത്തുന്നത് നിരുല്‍സാഹപ്പെടുത്തണം.  ആസ്പത്രിയിലെ ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും പൊതു പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
കൊയിലാണ്ടി താലൂക്കാശുപത്രിക്ക് ജില്ലാ പദവി നല്‍കി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം:  
ദിവസവും രണ്ടായിരത്തോളം രോഗികള്‍ ചികില്‍സ തേടിയെത്തുന്ന കൊയിലാണ്ടി താലൂക്കാസ്പത്രിക്ക് ജില്ലാ പദവി നല്‍കി കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്ന് ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി  യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രിയുടെയും സര്‍ക്കാറിന്റെയും  അടിയന്തിര ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ പറഞ്ഞു. താലൂക്കാശുപത്രിയെ രോഗി സൗഹൃദ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ധേഹം പറഞ്ഞു. ആസ്പത്രി  വികസന സമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെയർമാൻ.
ഒക്ടോബര്‍ മാസത്തോടെ ആശുപത്രിയില്‍ സി.സി ടി.വി. പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കും. താലൂക്ക് ആസ്പത്രിയിലെ തിരക്ക് കുറക്കാനുളള ഒരു പോംവഴി ഗ്രാമീണ മേഖലയിലെ ഡിസ്‌പെന്‍സറികളെ ശക്തിപ്പെടുത്തുകയെന്നുളളതാണ്. റൂറല്‍ ഹെല്‍ത്ത് ക്ലീനിക്കുകളില്‍ കൂടുതല്‍ സമയം ഡോക്ടറെ നിയമിച്ചാല്‍ താലൂക്കാസ്പത്രിയിലെ തിരക്ക് കുറയ്ക്കാനാവും. അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറെ കൂടി നിയമിക്കാനുളള അടിയന്തിര  ശ്രമവും നടത്തും. നിലവില്‍ 26 ഡോക്ടര്‍മാര്‍ താലൂക്കാസ്പത്രിയില്‍ ഉണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ പലവിധ കാരണങ്ങളാല്‍ അവധിയിലാകുമ്പോഴാണ് ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നത്. 
എച്ച്.എം.സി. യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഡോ. സന്ധ്യ കുറുപ്പ്, ലേ സെക്രട്ടറി ശ്രീജയന്‍, കൗണ്‍സിലര്‍മാരായ വി. പി. ഇബ്രാഹിംകുട്ടി, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, ടി. പി. രാമദാസന്‍, ഇ. എസ്. രാജന്‍, കെ. ചിന്നന്‍, വായനാാരി വിനോദ്  എന്നിവര്‍ പങ്കെടുത്തു. 
Share news

Leave a Reply

Your email address will not be published. Required fields are marked *