കല്ലായിപ്പാലത്തിനു മുകളിൽ വാഹനാപകടം, 7 പേർക്ക് പരിക്കേറ്റു
കോഴിക്കോട്: കല്ലായിപ്പാലത്തിനു മുകളിൽ വാഹനാപകടം, 7 പേർക്ക് പരിക്കേറ്റു. ബസും ഗുഡ്സ് ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തിരിഞ്ഞ ഗുഡ്സ് ഓട്ടോ തട്ടി ബൈക്കും അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
നഗരത്തിലേക്ക് വരുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ ചെറുവണ്ണൂർ ഭാഗത്തേക്ക് പാഴ്സലുമായി പോകുകയായിരുന്ന ഗുഡ് ഓട്ടോയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ബസ്സിലിടിച്ച് തിരിഞ്ഞ ഗുഡ്സ് ഓട്ടോ പിറകിലുണ്ടായിരുന്ന ബൈക്കിലുമിടിച്ചു.

ഇടിയുടെ ആഘാതത്തിൽ മൂന്നു വാഹനങ്ങളും പൂർണമായും തകർന്നു. ഗുഡ്സ് ഒട്ടോയിലും ബൈക്കിലും ഒരാൾ വീതമാണ് ഉണ്ടായിരുന്നത്. ബൈക്ക് യാത്രക്കാരൻ പുതിയങ്ങാടി സ്വദേശി ദിനേശ് (41), ഗുഡ്സ് ഡ്രൈവർ ഫറോക്ക് സ്വദേശി റംഷിദ് (34) എന്നിവർക്കും അഞ്ചു ബസ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഗുസ്ഡ് ഓട്ടോയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് കയർ ഉപയോഗിച്ച് പുറത്തെടുത്തു.

പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് സ്ഥലത്ത് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പന്നിയങ്കര പോലീസും ബീച്ച് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

