ഡല്‍ഹി: കുടുംബ കലഹത്തെ തുടര്‍ന്ന് 63കാരനായ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട 38കാരിയായ ഭാര്യ മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. വാലന്റൈന്‍സ് ദിനത്തില്‍ നടന്ന കൊല പുറംലോകം അറിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്.
ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ വീട്ടുടമ ചില മിനുക്കു പണികള്‍ നടത്തുന്നതിനിടെ തറയില്‍ കുഴിച്ചിട്ടനിലയില്‍ ഒരു കൈ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്താകുന്നത്. ഡല്‍ഹിയിലെ അമൃത് വിഹാറിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. 63 കാരനായ രാജേഷാണ് കൊല്ലപ്പെട്ടത്.

രാജേഷും ഭാര്യ സുനിത(38) യും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ ചെറുപ്പക്കാരനായ യുവാവുമായി ഭാര്യക്ക് പ്രണയമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ കലഹം പതിവായിരുന്നു. ഇവരുടെ വീട്ടില്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ടായിരുന്ന സുനിതയുടെ അമ്മ വരാതായത് ഈ വഴക്കിനെ തുടര്‍ന്നായിരുന്നു. ഏറെ നാളുകളായി തുടര്‍ന്നുവന്ന തര്‍ക്കം ജനുവരി മാസത്തോടെ അസഹ്യമാവുകയും ചെയ്തു. ഇത് തന്നെ ഒരു കൊലപാതകിയാക്കിയെന്നും സുനിത പോലീസിന് മൊഴി നല്‍കി.

ഭര്‍ത്താവിനെ എങ്ങനെയെങ്കിലും വകവരുത്തണം എന്ന ചിന്ത സുനിതയുടെ മനസില്‍ ശക്തമായി. കൊല ചെയ്യാനുള്ള ഐഡിയ സുനിത കണ്ടെത്തിയത് ടിവിയിലും മറ്റുമുള്ള കുറ്റ കൃത്യങ്ങള്‍ മനസിലാക്കിയാണ്. മാത്രമല്ല കൊല നടത്താന്‍ ഇവര്‍ ചില തയ്യാറെടുപ്പുകളും നടത്തി. തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് മയക്കു ഗുളികകള്‍ നല്‍കി രാജേഷിനെ ഉറക്കിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്.

കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത സുനിത മകനെ അടുത്ത വീട്ടിലേക്ക് അയച്ച ശേഷമാണ് കൃത്യം നടത്തിയത്. വൈകി വന്നാല്‍ മതിയെന്ന് മകനോട് പറയുകയും ചെയ്തു. ഉറങ്ങിക്കിടന്ന രാജേഷിനെ വെട്ടിനുറുക്കി എട്ട് കഷണങ്ങളാക്കിയ ശേഷം മൃതദേഹം എട്ട് ബാഗുകളിലാക്കി. കൈയ്യടങ്ങിയ ഒരു ഭാഗം കിടപ്പുമുറിയില്‍ കുഴിച്ചിട്ടു. കാലുകളടങ്ങിയ ഒരു ഭാഗം വീട്ടുമുറ്റത്താണ് കുഴിച്ചിട്ടത്.
രണ്ട് ദിവസത്തിന് ശേഷം രാജേഷിനെ കാണാനില്ലെന്ന് കാട്ടി, ഇവര്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. അയല്‍ക്കാരോടും സുനിത ഇക്കാര്യം പറഞ്ഞു. ഇതിനിടെ ഈ പ്രദേശത്തെ ഡ്രെയിനേജില്‍ നിന്ന് അഴുകിയ നിലയില്‍ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം എങ്ങുമെത്തിയില്ല.
സുനിതയും മകനും വീടു വിട്ട ശേഷം ചില മിനുക്കു പണികള്‍ നടത്താനായി തറ കുഴിച്ചുനോക്കിയപ്പോള്‍ മനുഷ്യന്റെ കൈവിരലുകള്‍ കണ്ടെത്തിയതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി കുഴി തുറന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട സുനിതയെ തിഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമ്ബതികളുടെ മകനെ ചിള്‍ഡ്രന്‍സ് ഹോമിലേക്ക് അയച്ചു.
