503 ആംപ്യൂളുകളും 140 നെട്രസപാം ഗുളികകളും പിടികൂടിയ സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു

കൊച്ചി: മട്ടാഞ്ചേരിയില്‍ നിന്നും 503 ആംപ്യൂളുകളും 140 നെട്രസപാം ഗുളികകളും പിടികൂടിയ സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊച്ചി പള്ളുരുത്തി, പെരുന്പടപ്പ് കോണം കരയില്‍ കട്ടത്തറ വീട്ടില്‍ ഗുലാബ് (46) ആണ് റിമാന്‍ഡിലായത്. എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്. ഗുലാബിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കുന്ന രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ തന്നെയുള്ള ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. തോപ്പുംപടി പനയപ്പിള്ളിയിലെ ഗോള്‍ഡന്‍ മുക്കില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഗുലാബ് മുന്‍പും ആംപ്യൂള്‍ കേസില്‍ പ്രതിയായിട്ടുള്ളയാളാണ്. മയക്കുമരുന്നുകള്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഇഞ്ചക്ഷന് ചെയ്തു കൊടുക്കുന്ന പ്രതി ഒരേ സിറിഞ്ചു തന്നെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

