KOYILANDY DIARY

The Perfect News Portal

500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ അരവിന്ദ കെജ് രിവാള്‍

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ കെജ് രിവാള്‍.നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു.നിരവധി വിദഗ്ധരുമായി താന്‍ സംസാരിച്ചുവെന്നും 1000 ത്തിന് പകരം 2000 രൂപയുടെ നോട്ട് കൊണ്ടുവന്നാല്‍ കള്ളപ്പണം എങ്ങനെ തടയാമെന്ന് അവര്‍ക്കാര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചില്ലെന്നും കെജ് രിവാള്‍ പറഞ്ഞു.

 ഇതുകൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ല. എതെങ്കിലും കള്ളപ്പണക്കാരനെയോ പണക്കാരനേയോ ബാങ്കിനു മുന്നിലെ ക്യൂവില്‍ കാണാന്‍ കഴിഞ്ഞോ? പാവപ്പട്ട കച്ചവടക്കാരും റിക്ഷ വലിക്കുന്നവരും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും കര്‍ഷകരും സാധാരണ ജോലിക്കാരുമാണ് നോട്ട് മാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഈ ആളുകളാണോ കള്ളപ്പണക്കാര്‍? അദ്ദേഹം ചോദിച്ചു.

പുതിയ 2000 രൂപാ നോട്ടുകൊണ്ട് പ്രയോജനം ലഭിക്കുന്നത് കൈക്കൂലി വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കുമാണെന്നും കെജ് രിവാള്‍ പറഞ്ഞു. മുമ്ബ് ആയിരത്തിന്റെ 100 നോട്ടുകള്‍ വാങ്ങിയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ടായിരത്തിന്റെ 50 നോട്ടുകള്‍ വാങ്ങിയാല്‍ മതി. അതാണ് പുതിയ നോട്ടിന്റെ പ്രയോജനം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ സുഹൃത്തുക്കള്‍ക്ക് സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച്‌ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരിക്കണമെന്നും അവര്‍ പണം വിദേശത്തേക്ക് കടത്തുകയോ ഇവിടെ സ്ഥലമോ സ്വര്‍ണമോ വാങ്ങിയിരിക്കാമെന്നും കെജ് രിവാള്‍ ആരോപിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയ 648 ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ 648 പേരെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി ഉത്തരവിടുകയാണെങ്കില്‍ രാജ്യത്തെ കള്ളപ്പണത്തിന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. എന്നാല്‍ ബിജെപി ഒരിക്കലും അത് ചെയ്യില്ലെന്നും അവര്‍ ബിജെപിക്ക് വേണ്ടപ്പെട്ടവരാണെന്നും കെജ് രിവാള്‍ ആരോപിച്ചു.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *