500 പേർക്കുള്ള സൗകര്യം ഒരുക്കി കൊയിലാണ്ടിയിലെ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമായി
കൊയിലാണ്ടി: വിദേശ രാജ്യങ്ങളിൽ നിന്നു വരുന്ന പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും പാർപ്പിക്കാൻ കൊയിലാണ്ടിയിൽ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. പ്രാഥമികമായി 500ൽ അധികം മുറികൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ആദ്യഘട്ട കേന്ദ്രങ്ങളായ നിത്യാനന്ദ ആയുർവ്വേദ ചികിത്സാ കേന്ദ്രം, ടി. കെ. റസിഡൻസി എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കേന്ദ്രങ്ങളിലായി 75 ഓളം മുറികളാണ് പൂർണ്ണ സജ്ജമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിടങ്ങളുടെ ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ ഇപ്പോൾതന്നെ പൂർത്തിയായിട്ടുണ്ട്. തുടർന്ന് ഓരോ കേന്ദ്രങ്ങളിലും അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കാൻ ഫയർഫോഴ്സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും ഭക്ഷണമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചൺ നേതൃത്വം നൽകും. പ്രവർത്തനം ഏകോപിപ്പിക്കാൻ വിവിധ പഞ്ചായത്തിൻ്റെയും നഗരസഭകളുടെയും നേതൃത്വത്തിൽ പ്രത്യേക യോഗം ഇതിനകം ചേർന്ന് കഴിഞ്ഞതായും എത്ര പേർ എത്തിക്കഴിഞ്ഞാലും എവരെയൊക്കെ താമസിപ്പിക്കാനുള്ള എല്ലാ മുന്നൊരുക്കവും ഓരോ ഡിപ്പാർട്ട്മെൻ്റും ചെയ്യുന്നുണ്ടെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.
കൂടാതെ പയ്യോളിയിലെ തീർത്ഥ ഹോട്ടൽ ക്വാറന്റൈൻ കേന്ദ്രമായി ഇതിനകം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻ കൈയ്യിൽ ആരംഭിച്ച സമിതികളുടെയും പോലീസിന്റെയും മേൽനോട്ടവും നിരീക്ഷണവും ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടാവും. കൂടാതെ ആളൊഴിഞ്ഞ വീടുകളുടെ കണക്കെടുപ്പുകളും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആവശ്യമായ മുറികൾ കണ്ടെത്തിയതായും എം.എൽ.എ. പറഞ്ഞു. ഒരുക്കങ്ങൾ വിലയിരുത്താൻ തഹസിൽദാർ ഗോകുൽദാസ്, വില്ലേജ് ഓഫീസർ ജയൻ വരിക്കോളി എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.
