50 ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍

കോഴിക്കോട്: 50 ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി കോഴിക്കോട് കുന്ദമംഗലത്ത് ഒരാള്‍ പിടിയില്‍. രാജസ്ഥാന് സ്വദേശിയായ ഭരത്ലാല് അജിനാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി ബ്രൗണ്‍ഷുഗര്‍ കോഴിക്കോടേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പൊലീസും ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
കോഴിക്കോടും സമീപജില്ലകളിലുമായി വന്‍തോതില്‍ മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മയക്കുമരുന്നു പിടികൂടിയത്. ഭരത്ലാല് മാസത്തില്‍ ഒരു തവണ കേരത്തില്‍ ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യം വിവരം ലഭിച്ചിരുന്നു. അതിനാല്‍ ഇയാള്‍ കുറച്ചുനാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ പൊലീസിന്റെ പിടിയിലാകാതിരിക്കാന്‍ പല സ്ഥലങ്ങളില്‍ വച്ചായിരുന്നു ഇയാള്‍ ആവശ്യക്കാര്‍ക്ക് സാധനം കൈമാറിയിരുന്നത്.

ജില്ല ആന്റി നാര്‍ക്കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ലോക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. കുന്ദമംഗലം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഈ വര്‍ഷം തന്നെ നാലോളം ആളുകളെ കോഴിക്കോട് നിന്നും ബ്രൗണ്‍ഷുഗറുമായി പിടികൂടിയിരുന്നു.

