KOYILANDY DIARY

The Perfect News Portal

ഒരു വര്‍ഷം കേരളത്തിലെത്തുന്നത് 30000 കനേഡിയന്‍ സഞ്ചാരികള്‍

ഒരു വര്‍ഷം കേരളത്തിലെത്തുന്നത് 30000 കനേഡിയന്‍ സഞ്ചാരികള്‍. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ കേരളത്തിലെ ടൂറിസം മേഖല ആശങ്കയില്‍. ടൂറിസം വകുപ്പിൻറെ കണക്കനുസരിച്ച് സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശ സഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ കാനഡയുമുണ്ട്. 

ഒക്ടോബറില്‍ വിനോദസഞ്ചാരസീസണ്‍ തുടങ്ങാനിരിക്കെയാണ് കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ചത്. വിഷയം വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡണ്ട് ഇ. എം. നജീബ് പറഞ്ഞു. വിനോദസഞ്ചാരമേളയായ കേരള ട്രാവല്‍ മാര്‍ട്ടിൻറെ വേദികളില്‍ കാനഡയില്‍നിന്നുള്ള എജന്‍സികളുടെ പങ്കാളിത്തവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 31 ഏജന്‍സികളാണ് പങ്കെടുത്തതെന്ന് കെ.ടി.എം. സൊസൈറ്റി പ്രസിഡണ്ട് ജോസ് പ്രദീപ് അറിയിച്ചു. 

Advertisements

സംസ്ഥാനത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ചവരെയാണ് കേരളത്തില്‍ ചെലവഴിക്കുന്നത്. ഒരാള്‍ ശരാശരി നാലുലക്ഷത്തോളം രൂപയാണ് താമസത്തിനും യാത്രയ്ക്കും വാങ്ങലുകള്‍ക്കും മറ്റുമായി ചെലവഴിക്കുന്നതെന്നാണ് കണക്കാക്കുന്നത്. 98 ശതമാനത്തോളംപേരും വിമാനമാര്‍ഗമാണ് എത്തുന്നത്. ആഡംബരക്കപ്പലില്‍ എത്തുന്നവര്‍ ചുരുക്കമാണ്. എന്നാല്‍, കാനഡയില്‍നിന്ന് ആഡംബരക്കപ്പലുകളില്‍ 300-ഓളം സഞ്ചാരികള്‍ എത്തുന്നുണ്ട്.

Advertisements

ആഡംബരക്കപ്പലുകളില്‍ എത്തുന്ന സഞ്ചാരികള്‍ സംസ്ഥാനത്ത് ഒരു ദിവസം രണ്ടുലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്. സംസ്ഥാനത്തെത്തുന്ന മൊത്തം വിദേശസഞ്ചാരികളില്‍ കാനഡയുടെ വിഹിതം 10 ശതമാനത്തിനുതാഴെമാത്രമാണെന്നും അതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കേരളത്തെ കാര്യമായി ബാധിക്കില്ലെന്ന് ഒരു വിഭാഗം ട്രാവല്‍ ഏജന്‍സികള്‍ വിലയിരുത്തുന്നു.

ദേശീയതലത്തില്‍ അഞ്ചാമത്

ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ കാനഡയ്ക്ക് അഞ്ചാംസ്ഥാനമാണുള്ളത്. 2022 ജനുവരിമുതല്‍ ഡിസംബര്‍വരെ 61.91 ലക്ഷംപേരാണ് എത്തിയത്. ഇതില്‍ 2.8 ലക്ഷം സഞ്ചാരികള്‍ കാനഡയില്‍നിന്നാണ്.