വയനാട് തുരങ്കപാതയ്ക്കായി 2134.5 കോടി രൂപ; 2025 അവസാനത്തോടെ ദേശീയപാത ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും

വയനാട് തുരങ്കപാതയ്ക്കായി 2134.5 കോടി രൂപയാണ് ബജറ്റ് നീക്കി വച്ചത്. കേരളത്തിന്റെ കാര്‍ഷിക – വ്യാപാര – ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കി.

കേന്ദ്രം തഴഞ്ഞ വയനാടിനെ എല്ലാ തരത്തിലും ഉയര്‍ത്തി എടുക്കുക എന്നതിനൊപ്പം കേരളത്തിന്റെ പുത്തന്‍ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തില്‍ മാറ്റിയെടുക്കുക എന്നത് ലക്ഷ്യമാക്കിയാണ് തുരങ്കപാത ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. ഒരിക്കലും നടപ്പാക്കാന്‍ സാധിക്കില്ല എന്ന് പ്രഖ്യാപിച്ച് 2016ന് മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ദേശീയ പാത വികസനം യാഥാര്‍ത്ഥ്യമാകുന്നത് ബജറ്റ് പ്രഖ്യാപനത്തിലെ വലിയ ഹൈലൈറ്റാണ്.

ദേശീയ പാതയ്ക്ക് വേണ്ടി ഭൂമിയെറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്നും 6000 കോടി രൂപ ദേശീയ പാത അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ മലയോര – തീരദേശ ഹൈവേ എന്നിവ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ മുന്നേറുന്നതായി ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിലുള്ള റെയില്‍വേ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം അതിവേഗ റെയില്‍ പാത വേണം എന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം രൂപപ്പെടുന്നുണ്ടെന്നും ബജറ്റ് പറയുന്നു. പശ്ചാത്തല മേഖലയില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാവുകയും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ബജറ്റ് വിലയിരുത്തി.

