2026 അപൂർവ ആകാശസംഭവങ്ങളുടെ വർഷം; ഗ്രഹണങ്ങളും ‘ബ്ലൂ മൂൺ’ പ്രതിഭാസവും
.
കുവൈത്ത് സിറ്റി: 2026-നെ അപൂർവവും ശ്രദ്ധേയവുമായ ആകാശസംഭവങ്ങൾ നിറഞ്ഞ വർഷമായി വിശേഷിപ്പിച്ച് അൽ–ഉജൈരി സയന്റിഫിക് സെന്റർ. സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ, ഉൽക്കാ വർഷം, പ്രത്യേക ചന്ദ്ര പ്രതിഭാസങ്ങൾ എന്നിവ ഒരുമിക്കുന്നതിനാൽ ജ്യോതിശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള വർഷമാകും 2026 എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ ആകാശസംഭവങ്ങൾ ശാസ്ത്രീയ പഠനത്തിനും ആകാശനിരീക്ഷണത്തിനും വലിയ പ്രയോജനമുണ്ടാക്കുന്നതാണെന്നും, ഓരോ പ്രതിഭാസവും കുവൈത്തിൽ നിന്ന് ദൃശ്യമാകുമോ എന്നത് അതത് സംഭവങ്ങളുടെ പാതയും ഭൂമിശാസ്ത്ര സ്ഥാനവും ആശ്രയിച്ചാണെന്നും കേന്ദ്രം വ്യക്തമാക്കി.

വർഷത്തിലെ ആദ്യ പ്രധാന ആകാശസംഭവം ഫെബ്രുവരി 17-ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നടക്കുന്ന വലയാകൃതിയിലുള്ള സൂര്യഗ്രഹണമാണ്. ആന്റാർട്ടിക്ക, ദക്ഷിണാഫ്രിക്ക, ചിലി തുടങ്ങിയ മേഖലകളിലൂടെയായതിനാൽ ഈ ഗ്രഹണം കുവൈത്തിൽ നിന്ന് ദൃശ്യമാകില്ല. തുടർന്ന് മാർച്ച് 3-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കും. പസഫിക് സമുദ്രവും പടിഞ്ഞാറൻ ഉത്തര അമേരിക്കയും കേന്ദ്രീകരിച്ചിരിക്കുന്ന ഈ ഗ്രഹണവും കുവൈത്തിൽ നിന്ന് കാണാനാകില്ല.

മദ്ധ്യവർഷത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം ആഗസ്ത് 12-ന് നടക്കുന്ന പൂർണ്ണ സൂര്യഗ്രഹണമാണ്. ആർട്ടിക് സമുദ്രം, ഗ്രീൻലാൻഡ്, വടക്കൻ അറ്റ്ലാന്റിക് വഴി സ്പെയിൻ, അൽബേനിയ, വടക്കൻ ആഫ്രിക്കയുടെ ചില ഭാഗങ്ങൾ വരെ വ്യാപിക്കുന്ന ഈ ഗ്രഹണവും കുവൈത്തിൽ ദൃശ്യമാകില്ല.

അതേസമയം, കുവൈത്തിലെ ആകാശനിരീക്ഷകർക്ക് ഏറ്റവും പ്രധാനപ്പെട്ടതായി വിലയിരുത്തപ്പെടുന്നത് ആഗസ്ത് 28-ന് പുലർച്ചെ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണമാണ്. പുലർച്ചെ 4.23-ന് ആരംഭിക്കുന്ന ഗ്രഹണം 5.23-ന് സൂര്യോദയത്തോടൊപ്പം പുരോഗമിക്കുകയും 5.28-ഓടെ ഭാഗികഘട്ടം അവസാനിക്കുകയും ചെയ്യും. ഈ ഗ്രഹണം കുവൈത്ത് ഉൾപ്പെടെ ആഫ്രിക്കയുടെയും അമേരിക്കയുടെയും വിശാല പ്രദേശങ്ങളിൽ ദൃശ്യമാകും. ഗ്രഹണങ്ങൾക്കൊപ്പം 2026-ൽ നിരവധി ഉൽക്കാ വർഷങ്ങളും ആകാശത്തെ അലങ്കരിക്കും.
ജനുവരി 3–4 തീയതികളിൽ ക്വാഡ്രന്റിഡ് ഉല്കാവർഷം സജീവമാകും. ഏപ്രിൽ 22-ന് ലിറിഡ് ഉൽക്കാ വർഷം, മേയ് 6-ന് അക്ക്വാറിഡ് ഉൽക്കാ വർഷം എന്നിവയും നിരീക്ഷിക്കാൻ അനുയോജ്യമായ സാഹചര്യമുണ്ടാകും. ആഗസ്ത് 12–13 തീയതികളിൽ നടക്കുന്ന പെർസീഡ് ഉല്കാവർഷമാണ് വർഷത്തിലെ ഏറ്റവും വലിയ ആകർഷണം; അതിവേഗതയും ശക്തമായ പ്രകാശവും കൂടിയ ഉൽക്കകളാണ് ഇതിന്റെ പ്രത്യേകത.



