KOYILANDY DIARY

The Perfect News Portal

200ഓളം വീടുകളില്‍ നിന്ന് കവർച്ച നടത്തിയ ആൾ പോലീസ് പിടിയിൽ

കോഴിക്കോട്: കുന്നമംഗലത്ത് മോഷണ പരമ്പരകള്‍ക്ക് ശേഷം  പിടിയിലായ മുഹമ്മദ് കവര്‍ന്ന 450 പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. ജ്വല്ലറികള്‍, പണയംവയ്ക്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ വിറ്റ ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തത്. കോഴിക്കോട് നോര്‍ത്ത് അസി. കമീഷണര്‍ ഇ പി പൃഥ്വിരാജിന്റെ നേത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഒരുമാസത്തോളം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

കണ്ണൂര്‍ ആലക്കോട് സ്വദേശി കൊല്ലപറമ്പില്‍ മുഹമ്മദ് (39) മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 200ഓളം വീടുകളില്‍ നിന്ന് 1000ത്തിലധികം പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. മോഷണ മുതല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളില്‍ വില്‍ക്കുകയും ശേഷിച്ചവ പണയം വയ്ക്കുകയുമാണ് രീതി. ഇയാള്‍ക്ക് രണ്ടുകോടിയുടെ രണ്ട് വീടും വിവിധയിടങ്ങളില്‍ സ്ഥലവും ഉണ്ട്.

വിദേശ നിര്‍മിത കാറില്‍   സ്വര്‍ണം വില്‍ക്കാന്‍ വരുന്നതിനാല്‍  ജ്വല്ലറിക്കാരാരും സംശയിച്ചിരുന്നില്ല. പണയ സ്വര്‍ണം എടുത്ത് വില്‍പ്പന നടത്തുന്നു എന്ന വ്യാജേനയാണ് പ്രതി  സ്വര്‍ണം വിറ്റഴിച്ചത്. വിറ്റഴിക്കാന്‍ ബുദ്ധിമുട്ടുള്ളവ കണ്ണൂരിലെ തളിപ്പറമ്പ്, ആലക്കോട് മേഖലയിലെ ധനകാര്യ സ്ഥാപനങ്ങളിലാണ് പണയം വച്ചത്. കണ്ണൂരില്‍ 1998ല്‍ 12 കേസുകളിലും 2008ല്‍ 27 കേസുകളിലും ഉള്‍പ്പെട്ട് കുറച്ചുകാലം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ പിന്നീട് കൃഷിയും മരക്കച്ചവടവും നടത്തി. പിന്നീട് 2014ല്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവിനടുത്തുള്ള വീട്ടില്‍ കവര്‍ച്ച നടത്തി. വീണ്ടും ആരംഭിച്ച മോഷണ പരമ്പര കഴിഞ്ഞ സെപ്തംബറില്‍ കുന്നമംഗലത്ത് പിടിയിലാകുന്നതുവരെ തുടര്‍ന്നു.  200ഓളം വീടുകളില്‍ നിന്നാണ് പ്രതി സ്വര്‍ണവും പണവും കവര്‍ന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *