KOYILANDY DIARY.COM

The Perfect News Portal

വയനാടിന്‌ വീടൊരുക്കാൻ യുവതയുടെ 2.6 കോടി

കോഴിക്കോട്: വയനാട്‌ ദുരന്തത്തിൽ സർവതും നഷ്‌ടപ്പെട്ടവർക്ക്‌ വീടൊരുക്കാൻ യുവതയുടെ 2.6 കോടി. വീടുകൾ കയറി ആക്രിയും പഴയ പത്രങ്ങളും ശേഖരിച്ച്‌ വിൽപ്പന നടത്തി. അച്ചാറും ബിരിയാണിയും പായസവുമായി മനുഷ്യരിലേക്ക്‌ ഇറങ്ങി. തെരുവുകളിൽ കച്ചവടം നടത്തി. തടിചുമന്നും വാഹനങ്ങളും ടാങ്കും കഴുകിയും പണം കണ്ടെത്തി. അങ്ങനെ സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മനുഷ്യാധ്വാനത്തിന്റെയും പലതുള്ളികൾ ചേർന്നപ്പോൾ വയനാടിനായി ജില്ലയിൽ ഡിവൈഎഫ്‌ഐ സമാഹരിച്ചത്‌ 2,63,95,154 രൂപ.
ഡിവൈഎഫ്‌ഐ റീബിൽഡ്‌ വയനാട്‌ ക്യാമ്പയിനൊപ്പം നാട്‌ ചേരുന്ന കാഴ്‌ചയായിരുന്നു എങ്ങും. ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മറ്റിയംഗങ്ങൾ മുതൽ ജില്ലാ നേതാക്കൾവരെ വരുമാനത്തിലൊരു വിഹിതം നൽകി. കുഞ്ഞുങ്ങൾ സമ്പാദ്യക്കുടുക്കയുമായെത്തി. ആഭരണങ്ങൾ അഴിച്ചുനൽകിയവരും ആടിനെ നൽകിയവരുമുണ്ടായി. ധനസമാഹരണത്തിനായി ബസും ഓട്ടോയും ഓടിച്ച് തൊഴിലാളികളും പിന്തുണയേകി.
ജില്ലാ കമ്മിറ്റി സമാഹരിച്ച തുകയുടെ ചെക്ക് ഭാരവാഹികളിൽനിന്ന്‌ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്‌, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, ദിപു പ്രേമനാഥ്, കെ ഷെഫീഖ്, എം വി നീതു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.

 

Share news