KOYILANDY DIARY.COM

The Perfect News Portal

2 കോടി കോഴ ; ഐ സി ബാലകൃഷ്‌ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം: സിപിഐ എം

കല്‍പ്പറ്റ: ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് 2 കോടി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്ബില്‍ എത്തിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളില്‍ നിയമനം നടത്താന്‍ 4.3 കോടി രൂപ നേതാക്കള്‍ കോഴ വാങ്ങിയതായി കോണ്‍ഗ്രസ് നേതാവ് തന്നെയാണ് കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയത്. നിയമനത്തിനായി ക്യൂ നില്‍ക്കുന്ന അര്‍ഹരായ നിരവധി ഉദ്യോഗാര്‍ഥികളെയാണ് പണം വാങ്ങി കോണ്‍ഗ്രസ് വഞ്ചിച്ചത്.

പ്യൂണ്‍, വാച്ചര്‍ നിയമനങ്ങള്‍ക്കായി ഉദ്യോഗാര്‍ഥികളില്‍നിന്ന് 45 ലക്ഷം വരെ വാങ്ങിയെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കോഴ വാങ്ങിയവരുടെ പേരുകള്‍ സഹിതം കെപിസിസിക്ക് പരാതി നല്‍കിയിരിക്കയാണ്. പണം നല്‍കിയവര്‍ക്ക് ജോലിയും പണവുമില്ലാത്ത സ്ഥിതിയാണ്. കടുത്ത വഞ്ചനയാണ് എംഎല്‍എയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിട്ടുള്ളത്. കോഴ വാങ്ങിയ മറ്റ് നേതാക്കള്‍ക്കെതിരെയും നപടിയെടുക്കണം. നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കൊള്ള നടക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ വിശ്വനാഥന്‍ തന്നെ ആരോപിച്ചിരുന്നു.

ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതോടെ അഴിമതി കഥകള്‍ പുറത്തുവരുമെന്ന് കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ വയനാട്ടില്‍ എത്തിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന തീവെട്ടിക്കൊള്ളക്കെതിരെ കെപിസിസിക്ക് പരാതി നല്‍കിയിരിക്കുകയാണ്. തനിക്കു ലഭിച്ച എംഎല്‍എ സ്ഥാനം കഴിഞ്ഞ പത്ത് വര്‍ഷമായി ധനസമ്ബാദനത്തിനുള്ള മാര്‍ഗമായി ബാലകൃഷ്ണന്‍ മാറ്റിയിരിക്കുകയാണ്.

Advertisements

പണം കൊടുത്തവരെ സംബന്ധിച്ചും വാങ്ങിക്കൊടുത്ത ഇടനിലക്കാരെ സംബന്ധിച്ചും എല്ലാമുള്ള വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തില്‍ ഐ സി ബാലകൃഷ്ണന്റെ പേരില്‍ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ആര്‍ജവം കാണിക്കണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *