1557 കോടി രൂപയുടെ മൂന്ന് ദേശീയപാത വികസന പദ്ധതികള്‍ക്ക് തുടക്കമാകും

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ ഒരു ചുവടുകൂടി മുന്നേറി കേരളം. മൂന്നു പദ്ധതികളിലായി 1557 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികള്‍ക്കാണ് കേരളത്തില്‍ തുടക്കമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ അവസാനിക്കുന്ന 18 കിമീ തലശ്ശേരി മാഹി ബൈപ്പാസിനു 1181.82 കോടി രൂപയാണ് ചെലവ്. ധര്‍മ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്.
സമയലാഭത്തോടൊപ്പം കോഴിക്കോട് കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതസൗകര്യം സുഗമമാക്കുന്നതിനും, അപകടസാധ്യതകള്‍ കുറക്കുവാനും നാലുവരിയില്‍ നിര്‍മിക്കുന്ന തലശ്ശേരിമാഹി ഹരിതപാതയ്ക്ക് സാധിക്കും. 2017 ഡിസംബറില്‍ ദേശീയപാത അതോറിറ്റിയുടെ നിര്‍മാണാനുമതി ലഭിച്ച പാതയുടെ നിര്‍മാണം 2020 മെയ് മാസത്തോടു കൂടി പൂര്‍ത്തീകരിക്കും.

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ടൗണിനടുത്തെ പള്ളിക്കര റെയില്‍വേ ക്രോസ്സിലെ രൂക്ഷമായ ഗതാഗത തടസം പരിഹരിക്കുകയെന്നത് ഏറെനാളായുള്ള പൊതുജനങ്ങളുടെ ആവശ്യമാണ്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേ മിനിസ്ട്രി, പ്രത്യേക കേസായി പരിഗണിച്ചാണ് നീലേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു നിര്‍മാണാനുമതി നല്‍കിയത്. എന്‍എച്ച് 66 ല്‍ നാലുവരിയില്‍ നിര്‍മിക്കുന്ന റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണത്തിന് 81.87 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പള്ളിക്കര റെയില്‍വേ ക്രോസ്സിലെ ഗതാഗത തടസം പരിഹരിക്കുവാനും, ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം സുഗമമാക്കുന്നതിനും ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണം വഴിയൊരുക്കും.

പാലക്കാട് ജില്ലയിലെ നാട്ടുകാല്‍ മുതല്‍ പാലക്കാട് ജില്ലയിലെ താനാവ് ജംഗ്ക്ഷന് വരെയുള്ള പാതയുടെ വീതി കൂട്ടലും നടപ്പാത നിര്‍മാണവുമാണ് 294 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍എച്ച് 966 ലെ വികസിപ്പിക്കാനുദ്ദേശിക്കുന്ന 46.72 കിമീ ദൂരം പൊതുമരാമത്തു വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാകും നിര്‍മാണം പൂര്‍ത്തിയാക്കുക.

