KOYILANDY DIARY

The Perfect News Portal

സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞ കേസ്: ആർഎസ്‌എസ്‌ നേതാവ് അറസ്റ്റിൽ

കോഴിക്കോട്‌: സിപിഐ(എം)  ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞ കേസിൽ വിദേശത്തായിരുന്ന ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ. മൂന്നാം പ്രതി നാദാപുരം പുറമേരി സ്വദേശി കൂരോരത്ത്‌ വീട്ടിൽ നജീഷ്‌ (40) ആണ്‌ അറസ്‌റ്റിലായത്‌. സംഭവ ശേഷം ദുബായിലേക്ക്‌ കടന്ന പ്രതിക്കായി ക്രൈംബ്രാഞ്ച്‌ ബ്ലൂ കോർണർ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.

ദുബായ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ കേരള പോലീസിന്‌ കൈമാറുകയായിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ടി പി സജീവന്റെ നേതൃത്വത്തിൽ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി. പ്രതിയെ ജില്ലാകമ്മിറ്റി ഓഫീസ്‌ ജീവനക്കാർ തിരിച്ചറിഞ്ഞു.

2017 ജൂൺ ഏഴിന്‌ പുലർച്ചെ ഒന്നരയോടെയാണ് ജില്ലാക്കമിറ്റി ഓഫീസിനു നേരെ ആർഎസ്‌എസ്‌ ക്രിമിനൽ സംഘം ബോംബെറിഞ്ഞത്‌. ജില്ലാ സെക്രട്ടറി പി മോഹനൻ ഓഫീസിലെത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പായിരുന്നു ആക്രമണം. കേസിൽ രണ്ടു പേർ നേരത്തെ അറസ്‌റ്റിലായിരുന്നു. കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരാണ് അറസ്റ്റിലായത്. ആർഎസ്എസ് ജില്ലാ കാര്യവാഹകായിരുന്നു രൂപേഷ്. ഷിജിയും നിജീഷും സജീവ ആർഎസ്എസ് പ്രവർത്തകനാണ്.

Advertisements

അക്രമികൾക്കെതിരെ വധശ്രമത്തിന് ഐപിസി 307ാം വകുപ്പ് പ്രകാരവും സംഘം ചേർന്ന് അതിക്രമം നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്‌തതിന് 143, 144, 147, 148, 149, 458 വകുപ്പുകൾ പ്രകാരവും സ്‌ഫോടക വസ്തു നിരോധന നിയമത്തിലെ 3, 5 വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസറ്റർ ചെയ്തത്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു.