മേപ്പയ്യൂരിലെ നിവേദിനെ ഇടിച്ച കാർ ഒന്നരമാസത്തിന് ശേഷം കണ്ടെത്തി: ഉടമ അറസ്റ്റിൽ
മേപ്പയ്യൂർ: മേപ്പയ്യൂരിലെ നിവേദിനെ ഇടിച്ച കാർ ഒന്നരമാസത്തിന് ശേഷം കണ്ടെത്തി: ഉടമ അറസ്റ്റിൽ. എരവട്ടൂർ ചേനായി റോഡ് ജങ്‌ഷനിൽവച്ച് മേയ് 21-ന് രാത്രി അജ്ഞാത വാഹനമിടിച്ചാണ് കീഴ്പയ്യൂരിലെ നിവേദിനെ (22) മരിച്ചത്. ഇടിച്ച കാറും അതിന്റെ ഉടമയെയും ഒന്നരമാസത്തിന് ശേഷം മേപ്പയ്യൂർ പോലീസ് കണ്ടെത്തുകയായിരുന്നു. കാറിന്റെ ഉടമ കായണ്ണയിലെ കുറുപ്പൻവീട്ടിൽ പ്രബീഷിനെ (42) മേപ്പയ്യൂർ പോലീസ് അറസ്റ്റുചെയ്തു. ഇദ്ദേഹം ഓടിച്ചിരുന്ന കാറിടിച്ചാണ് നിവേദ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഒന്നര മാസമായിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച കുറ്റ്യാടി നെട്ടൂരിലെ സീന എന്ന ദൃക്സാക്ഷി സ്റ്റേഷനിലെത്തി നിവേദ് അപകടത്തിൽപ്പെട്ട കാര്യം താൻ കണ്ടതായി പോലീസിൽ അറിയിച്ചത്.

അതിനെതുടർന്ന് പോലീസ് വിപുലമായ അന്വേഷണത്തിലായിരുന്നു. ഒടുവിൽ അറസ്റ്റ് നടന്നു. സ്റ്റേഷനിലെത്തിച്ച പ്രബീഷിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. നിവേദിന്റെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. മുമ്പ് വാഹന തിരച്ചിലിന്റെ ഭാഗമായി പേരാമ്പ്ര പോലീസ് പ്രബീഷിന്റെ ഈ കാറും പിടിച്ചിരുന്നു. എന്നാൽ, ആസമയത്ത് ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. താൻ ആരേയും ഇടിച്ചിട്ടില്ല എന്നാണിയാൾ അന്ന് പറഞ്ഞത്. കാര്യമായ വിവരങ്ങൾ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വാഹനങ്ങൾ അന്ന് വിട്ടുകൊടുക്കുകയായിരുന്നു.


കീഴ്പയ്യൂർ മീത്തലെ ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടെയും മകനായ നിവേദ് പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. പേരാമ്പ്രയിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. പിടിച്ചെടുത്ത കാർ കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പയ്യൂർ സി.ഐ. കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. സി.ഐ. കെ. ഉണ്ണികൃഷ്ണൻ, എസ്.ഐ.മാരായ സതീശൻ, ബാബു, സി.പി.ഒ.മാരായ രഞ്ജിത്ത്, അനുജിത്ത്, രജീഷ്, അഷറഫ്, പേരാമ്പ്ര സ്റ്റേഷനിലെ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.


