KOYILANDY DIARY

The Perfect News Portal

മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കേസിൽ തുടർ നടപടിക്ക് സ്റ്റേ

കൊച്ചി∙ മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കേസിൽ തുടർ നടപടിക്ക് സ്റ്റേ. ലഹരിമരുന്നു കേസിൽ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി വിദേശിയായ പ്രതിയെ രക്ഷിച്ചെന്ന കേസിലാണ്  ഹൈക്കോടതി തുടർ നടപടി ഒരു മാസത്തേക്കു സ്റ്റേ ചെ‌യ്‌തു. മന്ത്രി ആന്റണി രാജുവിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്കു നോട്ടിസ് നൽകിക്കൊണ്ടാണു ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് നടപടി. 

കേസ് നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ് അന്വേഷിക്കാൻ ചട്ടപ്രകാരം പൊലീസിന് അധികാരമില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 

1990 ഏപ്രിൽ 4ന് തിരുവനന്തപുരം എയർപോർട്ടിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ ശിക്ഷയിൽ നിന്നു രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണു കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്നു തട്ടിപ്പു നടത്തിയെന്നാണു 2006 മാർച്ച് 24നു പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. 

Advertisements


പ്രതിയെ വിട്ടയച്ച ഹൈക്കോടതി, തൊണ്ടി മുതലിൽ കൃത്രിമം നടന്നതിനെ കുറിച്ച് എൻക്വയറി നടത്താൻ നിർദേശിച്ചിരുന്നു. ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഭരണ തലത്തിൽ നൽകിയ നിർദേശപ്രകാരം തിരുവനന്തപുരം സെഷൻസ് കോടതിയിലെ ശിരസ്തദാർ പ്രഥമവിവര മൊഴി നൽകുകയും വലിയതുറ പൊലീസ് കേസെടുക്കുകയുമായിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെങ്കിൽ കോടതി തന്നെ മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകണമായിരുന്നു, പ്രാഥമികാന്വേഷണം നടത്തി ആ കോടതി നടപടി സ്വീകരിക്കണമായിരുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *