കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപമുള്ള അനധികൃത പാർക്കിംഗ് നിർത്തലാക്കുന്നു

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപമുള്ള അനധികൃത പാർക്കിംഗ് നിർത്തലാക്കുന്നു. ഇതിനായി റെയിൽവെ ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിപ്പ് വന്നു. സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്തായി നൂറുകണക്കിന് ബൈക്കുകളും കാറുകളും നിർത്തിയിട്ട് റെയിൽവെക്ക് സുരക്ഷ ഭീഷണി ഉയർത്തിയാണ് വാഹന പാർക്കിംഗ് ഉണ്ടാകുന്നതെന്ന് റെയിൽവെ പറയുന്നത്. ഇതിൻ്റെ ഭാഗമായി ഇന്ന് കാലത്ത് മുതൽ മുത്താമ്പി റോഡിനടുത്തുള്ള പഴയ ഗേറ്റിനോട് ചേർന്നുള്ള പ്രദേശം റെയിൽവെ ഇരുമ്പ് തൂണുകൾ ഉപയോഗിച്ച് അടയ്ക്കുന്ന പണി ആരംഭിച്ചു.


അതിരാവിലെ തന്നെ ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന ട്രെയിൽ യാത്രക്കാർതന്നെയാണ് ഇവിടെ സ്ഥിരമായി പാർക്കിംഗിനായി ഉപയോഗിക്കുന്നത്. പിന്നീട് രാത്രികാലങ്ങളിലാണ് വാഹനം തിരികെ എടുക്കുന്നത്. പെരുവട്ടൂർ, മുത്താമ്പി, അരിക്കുളം, കുറുവങ്ങാട്, നടേരി, അഞ്ചാംപീടിക, പേരാമ്പ്ര, കന്നൂർ ഉൾപ്പെടെ ഉൾനാടുകളിലുള്ളവരാണ് ഇവിടെ ഏറെയും പാർക്കിംഗിനായി ഉപയോഗിക്കുന്നത്. ഇവിടെനിന്ന് ബൈക്കുകൾ മോഷണം പോകുന്നതും നിത്യസംഭവമാണ്.


സ്ഥല പരിമിതി കാരണം പലപ്പോഴും റോഡിന് മുകളിലേക്ക് പാർക്ക് ചെയ്യുന്നത് മാറ്റ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനാണ് ഇപ്പോൾ പിടിവീണിരിക്കുന്നത്. സുരക്ഷ പ്രശ്നം കാരണം മറ്റ് ഭാഗങ്ങളിലേക്കും റെയിൽവെയുടെ നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയുന്നത്.


