തൂലൂക്കാശുപത്രി ജീവനക്കാർക്ക് ഫോണിൽ പരിഹാസ്യവും ഭീഷണിയും സൂപ്രണ്ട് പരാതി നൽകി

കൊയിലാണ്ടി: താലൂക്കാശുപത്രിയിലേക്ക് വീണ്ടും ഫോൺ കോളുകൾ. ജീവനക്കാർക്ക് അസഭ്യവർഷം. സൂപ്രണ്ട് പരാതി നൽകി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് അസഭ്യകോളുകൾ ശല്യമായതിനെ തുടർന്ന് അധികൃതർ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ആശുപത്രി സൂപ്രണ്ട് ഷീല ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എല്ല് ഡോക്ടർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടി വിവാദമായിരുന്നു. ജീവനക്കാരിയെ പിന്നീട് ആശുപത്രി താൽകാലിക ജോലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെ മുതൽ നൂറ് കണക്കിന് ഫോൺ കോളുകളാണ് ആശുപത്രിയിലേക്ക് വന്നത്. ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നെന്ന് ജീവനക്കാർ സൂപ്രണ്ടിന് പരാതി കൊടുക്കുകയും തുടർന്നാണ് സൂപ്രണ്ടിന്റെ പരാതി സ്റ്റേഷനിലെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സി.ഐ. എൻ. സുനിൽകുമാർ പറഞ്ഞു.


