സ്കൂൾ വിദ്യാർത്ഥികളുടെ പ്രണയം കൊയിലാണ്ടിയിലെ തെരുവീഥികളെ നാണം കെടുത്തുന്നു
പൂവാലന്മാരോ..? കൊയിലാണ്ടി: സ്കൂൾ വിദ്യാർത്ഥികളുടെ മൊട്ടിടുന്ന പ്രണയം കൊയിലാണ്ടിയിലെ തെരുവീഥികളെ നാണംകെടുത്തുന്നു. അധികൃതർ ഇനിയും ഇത് ചെവിക്കൊടുത്തില്ലെങ്കിൽ നാട് അപമാന ഭാരത്താൽ തല കുനിക്കേണ്ടി വരും. ഇടവഴികളിലെ കാണാ കാഴ്ചകൾ അത്രയേറെ കഥ പറയുകയാണ്. സ്കൂളുകളിലെ രാവിലത്തെ ക്ലാസ് തുടങ്ങാൻ 10 മണി ആകുമെങ്കിലും വീട്ടിൽ നിന്ന് 8 മണിക്ക് മുമ്പേ പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ / കാമുകീ കാമുകന്മാർ സ്റ്റാന്റിൽ കണ്ട് മുട്ടുന്നത് വരെ ഫോണിൽ സംസാരം. യൂണിഫോം അണിഞ്ഞ സ്കൂൾ വിദ്യാർത്ഥികൾ ഇത്തരത്തിൽ കാലത്ത് മുതൽ പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സംഗമിച്ച് ഓരോ പ്രണയ ജോഡികളായി പല ഇടവഴികളിലേക്ക് മാറും. പിന്നീട് സ്കൂൾ സമയം വരെ ചുക്കിക്കറക്കം. അതിനിടയിൽ കാട്ടിക്കൂട്ടുന്നത് പലതും.. കണ്ണ് പൊത്താതെ ഇവരുടെ മുന്നിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥ. കൊയിലാണ്ടി ബോയസ് സ്കൂളിന് സമീപത്തുള്ള ഇടവഴികളും മറ്റ് പരിസരത്തുള്ള സ്വകാര്യ റോഡുകളുമാണ് ഇവരുടെ സഞ്ചാരപഥം.

റെയിൽവെ സ്റ്റേഷൻ പരിസരം, കൊയിലാണ്ടി ടൌൺ ഹാളിൽ നിന്ന് ബോയസ് സ്കൂളിലേക്കുള്ള നടേലക്കണ്ടി റോഡ്, അവിടങ്ങളിലെ കെട്ടിടങ്ങളുടെ ഇടുങ്ങിയ ഭാഗം, സ്റ്റേഡിയത്തിന് പിറക് വശമുള്ള റോഡും ഇടവഴികളും, കല്ലാണി ബാറിന് മുമ്പിലൂടെയുള്ള റോഡ്, ബോയസ് സ്കൂളിന് കിഴക്ക് ഭാഗമുള്ള മാരാമുറ്റത്തേക്കുള്ള ഇടുങ്ങിയ റോഡ്, എൽ.ഐ.സി. റോഡും മാരാമുറ്റം പരിസരവും, റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള ഇടവഴികൾ ഇവിടങ്ങളിലാണ് കുട്ടി പ്രേമക്കാരുടെ വിഹാര കേന്ദ്രം. സർക്കാർ, സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ 15 മുതൽ 20 വയസ്സുവരെയുള്ള ആൺ പെൺ കുട്ടികളാണ് ഇത്തരത്തിൽ വിഹരിച്ച് നടക്കുന്നത്. ബസ്സ് സ്റ്റാൻ്റിൻ്റെ മുകളിലെത്തെ നില ഇവരുടെ പ്രധാന കേന്ദ്രമാണ്. വമ്പൻ സിനിമകളെ വെല്ലുന്ന കാഴ്ചയാണ് ഇവിടങ്ങളിലെന്ന് കച്ചവടക്കാരും ബസ്സ് കാത്തിരിക്കുന്നവരും പറയുന്നു.


തോളിൽ കൈയിട്ട് ആടി ഉലഞ്ഞ് കൈകൾ ചേർത്ത് പിടിച്ച് നിരനിരയായുള്ള ഇവരുടെ യാത്രയും കാണിക്കുന്ന ചേഷ്ടകളും കാൽനട യാത്രക്കാരെയും മറ്റ് വാഹനങ്ങളെയും കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. ഞങ്ങളുടെ മുന്നിലൂടെ മറ്റുളളവർ കടന്ന് പോകുന്നുണ്ടോ എന്നത് ഇവർക്ക് ഒരുപ്രശ്‌നമേയല്ല.. മറിച്ച് കാണുന്നവർക്ക് കണ്ണ് പൊത്തിയേ പോകാൻ കഴിയൂ എന്നതാണ് യാഥാർത്ഥ്യം.. ഹോൺ അടിച്ചാൽപോലും ഒരു പക്ഷെ ഇവർ കേട്ടെന്നുവരില്ല.. ഇവർ മറ്റ്‌ലോകത്തായിരിക്കും എന്നതാണ് സാരം.. യൂണിഫോം ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങുന്ന വിദ്യാർത്ഥികൾ ബാഗിൽ മറ്റ് റെഡീമെയ്ഡ് വസ്ത്രങ്ങളും കരുതുന്നതും സാധാരണമാണ്. പട്ടണത്തിലെത്തിയാൽ വസ്ത്രങ്ങൾ മാറുക പതിവാണ്. തുടർന്നാണ് ഇടവഴികളിലൂടെയുള്ള ചുറ്റിക്കറക്കം. സ്കൂളിലേക്ക് കയറുമ്പോൾ ഇത് അഴിച്ച് വെക്കും.


ഇത് കുട്ടികളിൽ രക്ഷിതാക്കളുടെ ശ്രദ്ധ ഇല്ല എന്നതാണ് കാണിക്കുന്നത്. ചെറു പ്രായത്തിൽ കുട്ടികളുടെ ഇത്തരത്തിലുള്ള സ്വഭാവ ദൂഷ്യങ്ങൾ ഭാവിയിൽ വലിയ ദുരന്തത്തിലേക്ക് പോകുന്ന നിരവധി സംഭവങ്ങളാണ് നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നത്. പിങ്ക് പോലീസിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായാൽ കുറെയേറെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പോലീസും സ്‌കൂൾ അധികാരികളും രക്ഷിതാക്കളും വിഷയത്തെ ഗൗരവമായി കണ്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾ തന്നെയായിരിക്കും ഇനി നമ്മെ കാത്തിരിക്കുന്നത്.


