കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർ കുടുംബത്തിലെ ഒരു കണ്ണികൂടി വിടവാങ്ങി
കൊയിലാണ്ടി: കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർ കുടുംബത്തിലെ ഒരു കണ്ണികൂടി വിടവാങ്ങി. എംപീസ് സ്റ്റുഡിയോ ഉടമയായിരുന്ന വേണുഗോപാൽ (87) ആണ് ഇന്ന് ഓർമ്മയായത്. 1880 ൽ ആണ് അന്നത്തെ ഫ്രഞ്ച് മാഹിയിൽ സ്റ്റുഡിയോ ആരംഭിക്കുന്നത്. വടകരയിലും പിന്നീട് കൊയിലാണ്ടിയിലും സ്റ്റുഡിയോ ആരംഭിക്കാൻ വൈദ്യുതിയ്ക്കായി കാത്തിരിക്കേണ്ടി വന്നു. 1948 ൽ കൊയിലാണ്ടിയിൽ വൈദ്യുതിയെത്തിയതോടെ എംപീസ് സ്റ്റുഡിയോവിൻ്റെ പ്രവർത്തനം ആരംഭിച്ചു. എം.പി. ബാലനായിരുന്നു എംപീസ് സ്റ്റുഡിയോയുടെ ഉടമ. എം.പി.ബാലൻ്റെ അമ്മാവൻ ദാമോദരൻ ഫ്രഞ്ച് പട്ടാളത്തിലായിരുന്നു. ഇദേഹത്തിൻ്റെ ഫോട്ടൊ ഗ്രാഫിയിലെ കമ്പം മനസ്സിലാക്കിയ ഫ്രഞ്ച് പട്ടാളമാണ് ദാമോദരനെ ചേർത്തത്.

ചെറുപ്രായത്തിൽ പപ്പായ തണ്ട് കൊണ്ട് സൂര്യനെ നോക്കി ഫോക്കസ് ചെയ്യുന്നത് പതിവായിരുന്നു’ മാഹിയിൽ ആദ്യമായി സ്റ്റുഡിയോ ആരംഭിക്കുന്നത് ദാമോദരനാണ്. അന്തരിച്ച വേണുഗോപാൽ, സഹോദരന്മാരായ വത്സകുമാർ, പാർത്ഥൻ എന്നിവരെല്ലാം അറിയപ്പെടുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർമാർ, കൊടാക്ക് കമ്പനിയിലും സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായി മദിരാശി കോടമ്പാക്കത്തും എല്ലാം ഈ സഹോദരങ്ങൾ പ്രവർത്തിച്ചു, ഫോട്ടോഗ്രാഫി ചരിത്രത്തിലെ ഒരധ്യായമായി. ആദ്യമായി കളർ ഫോട്ടോഗ്രാഫി, മാന്വൽ ഫോട്ടോ എന്നിവ കോഴിക്കോട് ജില്ലയിൽ പരിചയപ്പെടുത്തുന്നത് ഈ സഹോദരങ്ങൾ തന്നെ.


മക്കൾക്ക് വേണ്ട നിർദ്ദേശം കൊടുക്കാനും സ്റ്റുഡിയോ നിയന്ത്രിക്കാനും അമ്മയായ ദേവകിയുമുണ്ടായിരുന്നു. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും അറിയപ്പെടുന്ന ചെസ് താരമായിരുന്നു എംപീസ് വേണുഗോപാൽ. വേണുഗോപാലിൻ്റെ വേർപാടിലൂടെ സ്റ്റിൽ ഫോട്ടോഗ്രാഫി ചരിത്രത്തിലെ അതികായനെയാണ് നഷ്ടമായത്. പരേതനായ മാണിക്കോത്ത് പുതിയോട്ടിൽ ബാലൻ്റേയും കീഴലത്ത് ദേവകിയുടേയും മകനാണ്. ഭാര്യ: സുജാത മക്കൾ: ജൂണറ്റ്, സൂണറ്റ്, ജൂണ, ത്രീണോ. മരുമക്കൾ: നിധി, വിജിഷ, സോയ, ദിവ്യശ്രീ. മറ്റുസഹോദരങ്ങൾ പരേതയായ വനജ, മീര, രമ, ഗിരിജ, ശിവശങ്കരൻ, രാജീവൻ.


