കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കുറ്റം; ബൈജു എം പീസിന് കോടതി ജാമ്യം അനുവദിച്ചു

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കുറ്റം ചുമത്തി കൊയിലാണ്ടിയിലെ സീനിയർ ഫോട്ടൊ ജേർണലിസ്റ്റ് ബൈജു എം പീസിനെതിരെ കൊയിലാണ്ടി പോലീസ് എടുത്ത കേസ്സിൽ ജാമ്യം അനുവദിച്ചു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ശ്രീജാ ജനാർദനൻ നായർ ആണ് ബൈജുവിന് ജ്യാമ്യം അനുവദിച്ചത്. 2021 മെയ് മാസത്തിലായിരുന്നു സംഭവം. ലോക് ഡൗണിൽ ഷീ പോലീസ് നാട്ടുകാരനെ സഹായിക്കുന്ന ഫോട്ടൊ എടുത്ത ശേഷം തൻ്റെ ഓഫീസിനു പുറത്തിരിക്കുമ്പോഴാണ് സി.ഐ. സന്ദീപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി കേസ്സെടുത്തത്.

സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും, യുവജന സംഘടനകളും, ശക്തമായ പ്രതിഷേധം ഉയർത്തുകയും മാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. പോലീസിൻ്റെ വിവിധ ആവശ്യങ്ങൾക്കുള്ള ഫോട്ടോകൾ ബൈജുവാണ് സ്ഥിരമായി എടുത്തിരുന്നത്, കൊയിലാണ്ടിയിലെ ആത്മഹത്യ ചെയ്തവരുടെ പടങ്ങൾ, തീവണ്ടി തട്ടി മരിച്ചവരുടെ പടങ്ങൾ, ആക്സിഡ്റ് കേസുകൾ, മോർച്ചറിയിലെ പോസ്റ്റ്മോർട്ട ദൃശ്യങ്ങൾ എല്ലാ നേരിട്ടെത്തി പടങ്ങൾ എടുക്കുന്നത് യാതൊരു പ്രതിഫലവും കൈപ്പറ്റാതെയായിരുന്നു. എന്നിട്ടും ബൈജുവിനെതിരെ കേസ്സെടുത്തതിൽ പോലീസ് സേനയിൽ തന്നെ ശക്തമായ മുറുമുറുപ്പുണ്ടായിരുന്നു. കോടതിയിൽ ബൈജു പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴും വിവിധ കേസുകളിലെ ഫോട്ടോകൾക്കായി കൊയിലാണ്ടിയിലെ പോലീസ് ഉദ്യോഗസ്ഥർ ബൈജുവിൻ്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബൈജുവിന് വേണ്ടി അഡ്വ.രഞ്ജിത് ശ്രീധർ ഹാജരായി.


