KOYILANDY DIARY

The Perfect News Portal

വിവരാവകാശ രേഖ പുറത്ത്: നഗരസഭ ബസ്സ്സ്റ്റാൻ്റ് നടത്തിപ്പിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് യൂത്ത് കോൺഗ്രസ്സ്

വിവരാവകാശ രേഖ പുറത്ത്… കൊയിലാണ്ടി നഗരസഭ ബസ്സ് സ്റ്റാൻ്റ് നടത്തിപ്പിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി യൂത്ത് കോൺഗ്രസ്സ്. 2014 ൽ കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് നവീകരിച്ച് പരിപാലിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളസ് ആഡ് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി ഉണ്ടാക്കിയ കരാറിൽ ആറ് ലക്ഷത്തി എൺപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത് (680940/-) രൂപയുടെ അഴിമതി നടന്നതായി വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയിൽ സൂചന ലഭിച്ചതായി നേതാക്കൾ വ്യക്തമാക്കി.

2014ൽ 17 നിബന്ധനകൾ വെച്ച് കൊണ്ട് നഗരസഭയും സ്റ്റാൻ്റ് നവീകരണത്തിന് ഏറ്റെടുത്ത സോളസ് എന്ന സ്ഥാപനവും തമ്മിലുള്ള എഗ്രിമെൻ്റ് പ്രകാരം 15 ഓളം വ്യവസ്ഥകൾ ഏറ്റെടുത്ത സ്ഥാപനം നടപ്പാക്കിയില്ല എന്നതിനും കൂടുതൽ തെളിവുകൾ ലഭ്യമായിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിജയ വിഷ്വൽ മീഡിയയുടെ അനധികൃത കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ഡയറി വാർത്ത പുറത്ത്കൊണ്ടുവന്നിരുന്നു. സംഭവത്തെപ്പറ്റി വിജിലൻസ് അന്വേഷിക്കണമെന്നും ഇവർ പറഞ്ഞു.

ബസ്സ് സ്റ്റാൻറിൽ വരുന്ന യാത്രക്കാർക്ക് നല്ല ഇരിപ്പിടം, രാത്രി കാലങ്ങളിൽ സ്റ്റാൻ്റിൽ വെളിച്ചം, കുടിവെള്ളം, സ്റ്റാൻ്റിലെ ബസ്സ് ബേകളിൽ ബസ്സ് റൂട്ടുകൾ വ്യക്തമാക്കുന്ന ബോർഡുകൾ തുടങ്ങി 15 ഓളം നിബന്ധനകളും കമ്പനി നടപ്പാക്കിയില്ല. കൂടാതെ ബസ്സ് സ്റ്റാൻ്റിൽ വിജയ വിഷ്വൽ മീഡിയ എന്ന സ്ഥാപനത്തിന് റൂം അടക്കം ടെലിവിഷൻ സ്ഥാപിച്ച് പരസ്യം സ്ഥാപിക്കാനുള്ള അനുമതി ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയ തൽപ്പരകക്ഷികളുടെയും ഒത്താശയോടെ ചെയ്ത് കൊടുത്തൂ എന്ന ഗുരുതരമായ ആരോപണവും നിലനിൽക്കുകയാണെന്ന് ഇവർ വ്യക്തമാക്കി.

Advertisements

ബസ്സ് സ്റ്റാൻ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് അന്നത്തെ ഉദ്യോഗസ്ഥരും ചിലരും കരാർ ഏറ്റെടുത്തവരും തമ്മിൽ വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നതിന് തെളിവ് ലഭിച്ചു. 2014ലെ എഗ്രിമെൻ്റ് പ്രകാരമുള്ള 3 വർഷത്തെ വാടകയായ 6,80,940 രൂപ സോളസ് ആഡ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ഒഴിവാക്കി നൽകിയതിൻ്റെ കൗൺസിൽ തീരുമാനത്തിൻ്റെ കോപ്പി ലഭ്യമാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇത് ഫയലിൽ ലഭ്യമല്ല എന്നാണ് നഗരസഭയുടെ വിവരാവകാശരേഖ മറുപടി നൽകിയതെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു.

വിവരാവകാശ രേഖയിൽ 24 ചോദ്യങ്ങൾ ചോദിച്ചതിൽ 5 ചോദ്യങ്ങൾക്ക് മാത്രമാണ് നഗരസഭ മറുപടി നൽകിയിട്ടുള്ളത്. മറ്റ് ചോദ്യങ്ങൾക്കുള്ള മറുപടിയുടെ സ്ഥാനത്ത് രേഖപ്പെടുത്തിയത് അതിൻ്റെ വിശദാംശങ്ങൾ ഫയലിൽ ലഭ്യമല്ല എന്നാണ്. സ്റ്റാൻ്റിംഗ് കമ്മിറ്റിയിലോ കൗൺസിലിലോ വെക്കാതെ ചിലർ നേരിട്ട് നടത്തിയ വ്യക്തമായ അഴിമതിയാണ് ഇതെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് അജയ് ബോസ് പറഞ്ഞു.

ഇപ്പോൾ അനധികൃതമായി നഗരസഭ ബസ്സ്സ്റ്റാൻ്റിലെ റൂം കൈവശം വെച്ചിരിക്കുന്ന വിജയ വിഷ്വൽ മീഡിയയെ ഒഴിവാക്കി പുതുക്കി ലേലം ചെയ്യാനും ഇവർ ആവശ്യപ്പെടുന്നു. ഏകദേശം മാസം മുപ്പതിനായിരം (30,000) രൂപ നഗരസഭയ്ക്ക് സ്വന്തം ലഭിക്കും എന്നിരിക്കെ വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ വിഷ്വൽ മീഡിയ എന്ന സ്ഥാപനത്തിന് ഏതാനും ചില ഉദ്യോഗസ്ഥരുടെയും രാഷ്ടീയക്കാരുടെയും താൽപ്പര്യത്തിൻ്റെ ഭാഗമായാണ് സൗജന്യമായി വിട്ടുകൊടുത്തിരിക്കുന്നത്.

2014ൽ നടന്ന ലക്ഷങ്ങളുടെ അഴിമതി പുറത്ത് കൊണ്ടുവരണമെന്നും നഗരസഭയിലെ കഴിഞ്ഞ 30 വർഷത്തെ അഴിമതിയെപ്പറ്റി വിജിലൻസ് അന്വേഷിക്കണമെന്നും യൂത്ത്കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് അജയ് ബോസ്, റാംഷി കാപ്പാട്, സായിഷ് എം.കെ, തൻഹീർ കൊല്ലം, നീരജ് നിരാല, റാഷിദ് മുത്താമ്പി. അഭിനവ് കണക്കശ്ശേരി, സജിത്ത് കാവുംവട്ടം, ഷാനിഫ് വരകുന്ന്‌ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *