KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക് 120 കോടിയുടെ സാമ്പത്തികാനുമതിയുമായി കിഫ്ബി

15000 വീടുകളിലേക്ക് കുടിവെള്ളപൈപ്പ് എത്തുന്നു.. കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക് കിഫ്ബി 120 കോടിയുടെ സാമ്പത്തികാനുമതി നൽകിയതായി എം.എൽ.എ. അറിയിച്ചു. നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് ഇനി ശാശ്വത പരിഹാരമാകും. തിങ്കളാഴ്ച ചേര്‍ന്ന കേരള അടിസ്ഥാന സൗകര്യ നിക്ഷപ നിധി ബോര്‍ഡ് (കിഫ്ബി) യോഗമാണ് പദ്ധതിക്ക് ധനാനുമതി നല്‍കിയത്.
നേരത്തെ കിഫ്ബി മുഖേനെ 85 കോടി രൂപ ചിലവഴിച്ച് കൊയിലാണ്ടി നഗരസഭയിലെ വലിയ മല, കോട്ടകുന്ന്, സിവിൽ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലായി 3 വലിയ ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപം 23 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക്, വലിയമലയില്‍ 17 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക്, കോട്ടക്കുന്നില്‍ 17 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് എന്നിങ്ങനെ 3 ടാങ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ ടാങ്കുകളില്‍ നിന്നും കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ വിതരണ ശൃംഖലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ സാധിക്കും.
പദ്ധതിക്ക് നേരത്തെ തന്നെ ഭരണാനുമതി ലഭിച്ചിട്ടുള്ളതാണ്. 2 മാസത്തിനുള്ളില്‍ സാങ്കേതികാനുമതികൂടി വാങ്ങി പ്രവര്‍ത്തി ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊർജ്ജിതമാക്കുമെന്നും തുടർന്ന് നഗരസഭയിലെ 15000 വീടുകളിലേക്ക് കുടിവെള്ള ടാപ്പ് സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുന്നതിന് അമൃത് പദ്ധതിയിലൂടെ 22 കോടി 79 ലക്ഷം രൂപക്കുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും എം.എൽ.എ കാനത്തിൽ ജമീല, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ എന്നിവർ പറഞ്ഞു.