കുറുവങ്ങാട് ഐ.ടി.ഐ മുതല്‍ നടയ്ക്കല്‍ വരെയുള്ള റോഡിന് 3.50 കോടി രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ

കൊയിലാണ്ടി: കുറുവങ്ങാട് ഐ.ടി.ഐ മുതല്‍ നടയ്ക്കല്‍ വരെയുള്ള റോഡിന് 3.50 കോടി രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. ബി.എം & ബി.സി നിലവാരത്തില്‍ വീതി കൂട്ടി ടാര്‍ ചെയ്താണ് റോഡ് നവീകരിക്കുക. തീപ്പെട്ടി കമ്പനി (ഐ.ടി.ഐ കുറുവങ്ങാട്) നിന്ന് ആരംഭിച്ച് എളാട്ടേരി, ചേലിയ വഴി കാഞ്ഞിലശ്ശേരിയിലേക്ക് എത്തുന്ന പൊതുമരാമത്ത് റോഡിന്റെ ആദ്യ ഭാഗമായ 2.65 കിലോമീറ്റര്‍ ദൂരം 5 മീറ്റര്‍ വീതിയിലാണ് ടാര്‍ ചെയ്യുക. 900 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജ്, ആവശ്യമുള്ളയിടങ്ങളില്‍ സൈഡ് കോണ്‍ക്രീറ്റ്, റോഡിന്റെ ഇരുഭാഗങ്ങളിലുമായി 2100 മീറ്റര്‍ നീളത്തില്‍ കൈവരികള്‍, കള്‍വെര്‍ട്ട്, റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ ആധുനിക രീതിയില്‍ ആണ് ഈ റോഡ് നവീകരിക്കുന്നത്.

പ്രവൃത്തി ഉദ്ഘാടനം അടുത്ത ആഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. കാഞ്ഞിലശ്ശേരി വരെയെത്തുന്ന ഈ റോഡിന്റെ നവീകരണം 3 ഘട്ടങ്ങളിലായിട്ടാണ് നടന്നു വരുന്നത്. 1.20 കോടി രൂപ വിനിയോഗിച്ച് ചേലിയ ടൗണില്‍ നിന്ന് വെള്ളച്ചേരി താഴെ വരെ 1350 മീറ്റര്‍ ദൂരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്, ടാറിംഗ് മാത്രമെ ഇവിടെ ബാക്കിയുള്ളു. വെള്ളച്ചേരിതാഴെ മുതല്‍ കാഞ്ഞിലശ്ശേരിയിലേക്കെത്തുന്ന ഒരു റീച്ച് കൂടി നവീകരിക്കാന്‍ ബാക്കിയുണ്ട്. ആയതിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിക്കുമെന്നും എം.എല്‍.എ പറഞ്ഞു.


