സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി: നൂറോളം ഫയലുകളിൽ തീർപ്പ് കൽപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ കെട്ടിക്കിടന്ന നൂറോളം ഫയലുകൾ തീർപ്പായി. ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകൾ എടുത്ത് കൊണ്ട് ജനങ്ങളിലേക്ക് നേരിട്ട് ചെന്ന് ഇടപെടുക എന്നുള്ള സര്‍ക്കാർ സമീപനത്തിൻ്റെ അടിസ്ഥാനത്തിലുള്ള, 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് ശനിയാഴ്ച അവധി ദിവസമായിട്ടും മുഴുവൻ ജീവനക്കാരേയും പങ്കെടുപ്പിച്ചുകൊണ്ട് ആദാലത്ത് സംഘടിപ്പിച്ചത്. കൊയിലാണ്ടി തഹസിൽദാർ സി.പി. മണി, ഭൂരേഖാ തഹസിൽദാർ ഷെറീന. കെ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത്. ഡി എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന ഫയൽ അദാലത്തും, ഫയൽ തീർപ്പാക്കലും നടന്നത്. കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കിട്ടിയ പരാതിയിൽ 92 ഫയലുകളിൽ തീർപ്പ് കൽപ്പിച്ചു. ഇരിങ്ങൽ വില്ലേജിലെ ഫിഷറീസ് കോളനിയിലെ താമസക്കാരായ 9 കുടുംബങ്ങൾക്ക് കാലാകാലമായി പരിഹരിക്കപ്പെടാത്ത ഭൂമി പ്രശ്നത്തിന് പരിഹാരമായി. വില്ലേജ് രേഖകൾ പ്രകാരം സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തിയ കൈവശ ഭൂമികൾക്ക് പട്ടയം ലഭിച്ചിട്ടും നാളിത് വരെ നികുതി ഒടുക്കുവാനോ, കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുവാനോ സാധിക്കാത്തതിൻ്റെ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി, ഓരോ കൈവശക്കാരനും 3 സെൻ്റ് വീതം നിജപ്പെടുത്തിക്കൊണ്ട് രേഖകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ താലൂക്ക് സർവ്വെയർക്ക് നിർദ്ദേശം നൽകി. പ്രകൃതി ക്ഷോഭ ധനസഹായങ്ങൾ എത്രയും വേഗത്തിൽ ജനങ്ങളിൽ എത്തിക്കുക എന്നുള്ള സംവിധാനത്തിന് തുടക്കം കുറിച്ച് കൊണ്ട് പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽ നിന്നും 1,17,700 രൂപ വിതരണം ചെയ്തു.


പരാതികൾ തീർപ്പാക്കുന്നതിനായി പരാതിക്കാരില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള സാദ്ധ്യതകളും പരിശോധിക്കുവാൻ ഈ പരിപടി സഹായകമായിട്ടുണ്ട്. ജനോപകാരപ്രദമായ നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നൽ നൽകുന്നത് എന്ന സന്ദേശം ലക്ഷ്യമിട്ട്കൊണ്ട്, എല്ലാ മാസവും 11 ാം തിയതി ഈ രീതിയിൽ ഫയൽ അദാലത്തും, ഫയൽ തീർപ്പാക്കലും നടത്തുന്നതാണ്. വളെരെയധികം ജനോപകാരപ്രദമാണെന്ന് ബോദ്ധ്യപ്പെട്ട ആദ്യമായുള്ള ഈ പരിപാടി വില്ലേജ് തലങ്ങളിലേക്കും വ്യാപിപ്പിക്കുവാനും തീരുമാനമായി.


