കൊയിലാണ്ടിയിൽ 110 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള സ്ഥലമേറ്റെടുക്കുന്നതിനുള്ള ഉത്തരവിറങ്ങി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ 110 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് സ്ഥലമേറ്റെടുക്കുന്നതിനുള്ള ഉത്തരവിറങ്ങിയതായി എം.എൽ.എ കാനത്തിൽ ജമീല അറിയിച്ചു. 110 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്ബ് സ്റ്റേഷൻ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി. ഇപ്പോൾ തയ്യാറായത്. സബ്ബ് സ്റ്റേഷന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതായതോടെ പദ്ധതി എങ്ങുമെത്താതെ കിടക്കുകയായിരുന്നു. കൊല്ലം ഭാഗത്ത് ഏതാനും സ്വകാര്യ വ്യക്തികളുടെ സ്ഥലം സബ്ബ് സ്റ്റേഷനായി വിലകൊടുത്തു വാങ്ങാൻ നഗരസഭാധികൃതർ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതിനെതുടർന്ന് നീണ്ടുപോകുകയായിരുന്നു.

കൊല്ലം നെല്ലാടി റോഡിൽ ചോർച്ചപ്പാലത്തിന് സമീപം ബൈപ്പാസ് റോഡിന് അഭിമുഖമായാണ് ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ 54.5 സെൻ്റ് സ്ഥലം ഇതിനായി കണ്ടെത്തിയത്. ഇതിന് കെ.എസ്.ഇ.ബി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. ഇതോടെ കൊയിലാണ്ടി മണ്ഡലത്തിലെ വൈദ്യുത പ്രതിസന്ധിക്കാണ് പരിഹാരമാകുക. ഉത്തരവിറങ്ങയതോടെ ഇന് വളരെ പെട്ടന്ന് തന്നെ അനന്തര നടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

കൊയിലാണ്ടി, പയ്യോളി നഗരസഭയിലേയും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി പഞ്ചായത്തുകളിലേയും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് വൈദ്യുതി ബോർഡ് കൊയിലാണ്ടിയിൽ 110 കെ.വി. സബ് സ്റ്റേഷൻ സ്ഥാപിക്കാൻ മുമ്പ് ഭരണാനുമതി നൽകിയത്. സ്ഥലമേറ്റെടുപ്പ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കായി 20.6 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. ഭരണാനുമതി ലഭിച്ചിട്ട് മൂന്നുവർഷത്തോളമായെങ്കിലും സ്ഥലം കണ്ടെത്താൻ സാധിക്കാത്തത് പദ്ധതി വൈകുന്നതിന് കാരണമായി.

LILO മുതൽ വടകര-കൊയിലാണ്ടി 110 കെ.വി ഫീഡർ വരെയുള്ള 5.7 കി.മീ 110 കെ.വി ഡി.സി ലൈൻ (OH + UG) നിർമാണം ഉൾപ്പെടെ സബ്‌സ്റ്റേഷൻ ഓട്ടോമേഷൻ സംവിധാനവും റിമോട്ട് കൺട്രോൾ സൗകര്യവുമുള്ള 110 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്റെ നിർമ്മാണത്തിന് 27.70 കോടി രൂപ. സബ് സ്റ്റേഷന് വേണ്ടി സ്ഥലം വാങ്ങുന്നതിന് എസ്റ്റിമേറ്റിൽ 2.50 കോടി രൂപയുമാണ് വകയിരുത്തിയത്.
