കാപ്പാട് ബീച്ചിന്റെ ബ്ലൂ ഫ്ലാഗ് പദവി തൽക്കാലികമായി നിർത്തി
കൊയിലാണ്ടി: അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച പ്രസിദ്ധ ടുറിസ്റ്റ് കേന്ദ്രമായ കാപ്പാടിൻ്റെ പദവി തൽക്കാലികമായി നിർത്തി. സുരക്ഷ, പരിസ്ഥിതി, സേവനം, ശുചിത്വം തുടങ്ങിയവയാണ് ബ്ലൂ ഫ്ലാഗ് പദവിയുടെ മാനദണ്ഡം. കോവിഡ് ഭീതി കഴിഞ്ഞ് നവംബറോടെ പദവി പുനസ്ഥാപിക്കുമെന്നാണ് അറിയുന്നത്. ഡി.ടി.പി.സിയുടെ ചുമതലയിലാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. കോടികൾ ചിലവഴിച്ചാണ് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ബീച്ചിനെ സുന്ദരിയാക്കിയത്. ഇവിടെ എത്തുന്നവർക്ക് ടിക്കറ്റ് വെച്ചായിരുന്നു പ്രവേശനം. എന്നാൽ നിരവധി ജീവനക്കാരുള്ള ഇവിടെ ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

16 ഓളം ലൈഫ് ഗാർഡുകളും 28 ഓളം ക്ലീനിംങ്ങ്സ്റ്റാഫുകളും, ഗാർഡനിങ്ങിനുമായി ഇവിടെ ജോലി ചെയ്ത് വരുന്നുണ്ട്. ഇവരുടെ ശബളം മുടങ്ങിയ അവസ്ഥയാണുള്ളത്. മൂന്നു മാസമായി പകുതി ശബളമാണ് ഇവർക്ക് കൊടുക്കുന്നത്. പദവി നിർത്തിയതോടെ ഇപ്പോൾ കോടികൾ മുടക്കി നടത്തിയ പ്രവൃത്തികൾ സംരക്ഷണത്തിൻ്റെ അഭാവത്തിൽ നശിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.


