ലോക പരിസ്ഥിതി ദിനമായ ഇന്ന് അരിക്കുളം സ്വദേശിയായ ഒരു പരിസ്ഥിതി സ്നേഹിയെ നമുക്ക്‌പരിചയപ്പെടാം
കൊയിലാണ്ടി-അരിക്കുളം: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാൻ നാടാകെ ഓടുന്നതിനിടിയിൽ കഴിഞ്ഞ 23 വർഷമായി സസ്യവ്യാപന പരിപാടികൾ ചെയ്തു വരുന്ന അരിക്കുളം സ്വദേശിയായി ”സ്വസ്ഥ വൃത്തം” സി. രാഘവൻ എന്ന പരിസ്ഥിതി സ്നേഹി ഇവിടെ പുതിയ മാതൃകാ ചരിത്രം സൃഷ്ടിക്കുകയാണ്. 1998 ൽ നരക്കോട് ഗവ: ആയുർവേദ ഡിസ്പൻസറിയിൽ ജോലിചെയ്ത് വരുമ്പോൾ, ഡിസ്പൻസറിക്കായി പുല പ്രക്കുന്നിൽ പണിത പുതിയ കെട്ടിടത്തിന്റെ പരിസരത്ത് ഫല വൃക്ഷങ്ങളും, ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കാൻ തുടങ്ങിയതോടെയാണ് അദ്ധേഹം ശ്രദ്ധേയനാകുന്നത്. ചുറ്റിലും ഒരു പച്ചപ്പുമില്ലാതിരുന്ന കെട്ടിടത്തിൽ രോഗികൾക്കും ജീവനക്കാർക്കും കടുത്ത ചൂടു സഹിക്കേണ്ടി വരുന്ന സാഹചര്യത്തിലായിരുന്നു ആദ്ധേഹം അത്തരമൊരു പ്രവർത്തനത്തിന് സ്വയം സേവനമർപ്പിച്ചത്.
തുടർന്ന് അരിക്കുളം ഗവ.ആയുർവേദ ഡിസ്പൻസറി പരിസരത്തെ വെറുതെ തരിശായി കിടന്ന സ്ഥലം ഒരു നല്ല ജൈവ വൈവിധ്യ ഉദ്യാനമാക്കി മറ്റി. നടുവണ്ണൂർ ഗവ ആയുർവേദ ഡിസ്പൻസറി പരിസരത്തും ഒട്ടേറെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ സമയം കണ്ടെത്തി. അങ്ങിനെ വിവിധയിടങ്ങളിൽ 23 വർഷമായി വൃക്ഷത്തൈകൾ നട്ടു വളർത്തിയും പരിപാലിച്ചും ഒരു നന്മ മരമായി സി രാഘവൻ മാറി. സ്വന്തമായി തൈകൾ ഉണ്ടാക്കിയും പ്രാദേശികമായി സമാഹരിച്ചും ആവശ്യമായവർക്ക് സൗജന്യമായി തൈകൾ നൽകി വരുന്നു. വേപ്പ്, കൊന്ന, ഉങ്ങ്, അശോകം, ഞാവൽ, ചാമ്പ, സീതാപ്പഴം, മുള്ളാത്ത, മാവ്, നെല്ലി, പേര തുടങ്ങിയ വൃക്ഷങ്ങൾ ആണ് ഇതുവരെയായി നൽകി വന്നത്. നൂറു കണക്കിന് വൃക്ഷങ്ങൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഭാര്യ സുവർണ്ണ ഭട്ട് ജോലി ചെയ്യുന്ന മുചുകുന്ന് ഡിസ്പൻസറി പരിസരം, അദ്ധേഹം മുമ്പ് ജോലി ചെയ്തിരുന്ന കീഴരിയൂർ ഗവ: ആയുർവേദ ഡിസ്പൻസറി പരിസരം എന്നിവിടങ്ങളിലും വൃക്ഷത്തൈകൾ നട്ടിട്ടുണ്ട്.


ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ടായിരിക്കെ സെക്രട്ടറി ടി. രമേശ് കുമാറിനൊടൊപ്പം 2013 ജൂണിൽ പൊതു സ്ഥാപനങ്ങളുടെയും പൊതു വിദ്യാലയങ്ങളുടെയും പരിസരത്ത് തൈകൾ നട്ടുപിടിപ്പിക്കുന്ന ” ഒരു തൈ നടുമ്പോൾ ” സസ്യ വ്യാപന പദ്ധതിക്ക് തുടക്കമിട്ടു. 2017 ആഗസ്റ്റ് മുതൽ വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്ക് ക്ഷണിക്കുന്ന വീടുകളിൽ വൃക്ഷത്തൈ സമ്മാനം നൽകുന്ന പരിപാടിയും തുടങ്ങി.


ഭാരതീയ ചികിത്സാ വകുപ്പിൽ നിന്നും ആയുർവേദ ഫാർമസിസ്റ്റായി 2020 മെയ് മാസം റിട്ടയർ ചെയ്തതിനു ശേഷവും സസ്യവ്യാപന പരിപാടികളിൽ തുടരുന്നു. ഒട്ടേറെ വിദ്യാലയങ്ങളിൽ ഔഷധ സസ്യ പ്രദർശനങ്ങളും സസ്യ തോട്ട നിർമ്മാണവും നടത്തിയിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനമൊരുക്കാൻ തൈകൾ നൽകിയിട്ടുണ്ട്. സ്കൂൾ പി.ടി.എ, റസിഡൻസ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കലാസമിതികൾ, പെൻഷനേഴ്സ് യൂനിയൻ, സീനിയർ സിറ്റിസൺസ് ഫോറം എന്നിവ സംഘടിപ്പിച്ച പരിപാടികളിൽ അദ്ധേഹം ഔഷധസസ്യങ്ങളുടെ പ്രാധാന്യം വിവരിച്ചുള്ള പ്രഭാഷണങ്ങൾ നടത്തി വരുന്നു. വിവാഹ ഗൃഹപ്രവേശ ചടങ്ങുകളിൽ വൃക്ഷത്തൈ സമ്മാനമായി നൽകുന്ന പരിപാടിയിലൂടെ മാത്രം ഇതിനകം 500ൽ അധികം വൃക്ഷത്തൈകൾ കൈമാറിയിട്ടുണ്ട്. ഈ പരിപാടി തുടർന്നു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നെങ്കിലും ഇപ്പോൾ കോവിഡ് കാരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.


സി. രാഘവൻ ആയുർവേദ ഫാർമസിസ്റ്റായി 28 വർഷത്തെ സർവീസിനു ശേഷം 2020 മെയ് മാസമാണ് സർവ്വീസിൽനിന്ന് റിട്ടയർ ചെയ്തത്. ഭാര്യ സുവർണ്ണ ഭട്ട് മുചുകുന്ന് ഗവ: ആയുർവേദ ഡിസ്പൻസറിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. മകൻ സൂര്യനാരായണൻ ബി.എ.എം.എസ് വിദ്യാർത്ഥി. അരിക്കുളം, നടുവണ്ണൂർ ഗവ ആയുർവേദ ഡിസ്പൻസറി പരിസരം ജൈവവൈവിധ്യ ഉദ്യാനമാക്കുന്നതിനും ജോലി ചെയ്ത സ്ഥാപനങ്ങളുടെ പരിസരത്തും ആവശ്യപ്പെട്ട വിദ്യാലയ പരിസരത്തും ഔഷധസസ്യ തോട്ടങ്ങൾ ഉണ്ടാക്കുന്നതിനായി പ്രവർത്തിച്ച അദ്ധേഹത്തെ നാം ഇനിയും അടുത്തറിയേണ്ടിയിരിക്കുന്നു. വൃക്ഷത്തൈ നടുക എന്നത് മാത്രമല്ല അതോടൊപ്പം ഔഷധ സസ്യങ്ങളെയും നട്ടു വളർത്തി രോഗങ്ങളെ പ്രതിരോധിക്കാനും കുഴിച്ചിട്ട സസ്യങ്ങളെ പരിപാലിക്കുക എന്ന അദ്ധേഹത്തിൻ്റെ മാതൃക ദൗത്യവും നാം ഏറ്റെടുക്കുക എന്നതും ഈ ദിനത്തിൽ പരമപ്രധാനമാണ്.

