KOYILANDY DIARY

The Perfect News Portal

101-ാം സർവമത സമ്മേളനം ഇന്ന്

ആലുവ: ശ്രീനാരായണഗുരു ആരംഭിച്ച സർവമത സമ്മേളന ശതാബ്ദിയും 101-ാം സർവമത സമ്മേളനവും വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കും. ആലുവ അദ്വൈതാശ്രമത്തിൽ 1924 മാർച്ചിലെ ശിവരാത്രി നാളിലാണ് ശ്രീനാരായണഗുരു സർവമത സമ്മേളനം വിളിച്ചുകൂട്ടിയത്. ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ സർവമത സമ്മേളനത്തിനാണ് അദ്വൈതാശ്രമം വേദിയായത്. സമ്മേളനത്തിൽ വിവിധ മതപണ്ഡിതർ പങ്കെടുത്തു. എല്ലാവർഷവും ആലുവ അദ്വൈതാശ്രമത്തിൽ ശിവരാത്രി നാളിൽ സർവമത സമ്മേളനം ചേർന്നു.

101-ാം സർവമത സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയാകും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തും. കേരള ഹൈക്കോടതി ജസ്റ്റിസ് കുഞ്ഞുകൃഷ്ണൻ അധ്യക്ഷനാകും.

 

ദാർശനിക സമ്മേളനം വെള്ളിയാഴ്ച പകൽ രണ്ടിന് ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യും. എസ് ശർമ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ശാരദാനന്ദ അധ്യക്ഷനാകും. എൻ കെ തുറവൂർ, കെ ജി ജ്യോതിർഘോഷ് എന്നിവർ രചിച്ച ദേവാലയം, ഗുരു തിരിച്ചുവന്നപ്പോൾ എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിക്കും.

Advertisements