10 ടിവി, പ്രജാശക്തി വില്‍പ്പന; പ്രചാരണം അടിസ്ഥാനമില്ലാത്തത്: സിപിഐ എം

ന്യൂഡല്‍ഹി> തെലുങ്കു ചാനല്‍ 10 ടിവി, ആന്ധ്രപ്രദേശിലെ സിപിഐ എം മുഖപത്രം പ്രജാശക്തി എന്നിവയെക്കുറിച്ച് മാധ്യമങ്ങളില്‍ നടക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണം. 10 ടിവി ചാനലിന്റെ വില്‍പ്പനയെക്കുറിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അന്വേഷിക്കുന്നുവെന്നം, പ്രജാശക്തി പത്രം നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നുമാണ് പ്രചാരണം. കെട്ടുകഥകള്‍ വാര്‍ത്തയാക്കി ‘മലയാള മനോരമ’യും ഇതേറ്റുപിടിച്ചു.
തെലങ്കാനയിലും ആന്ധ്രപ്രദേശിലും പ്രവര്‍ത്തിക്കുന്ന 10 ടിവി ചാനലിന്റെ വില്‍പ്പനയെക്കുറിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അന്വേഷണം നടക്കുന്നില്ല. 10 ടിവിയില്‍ ഉണ്ടായിരുന്ന ഓഹരികള്‍ വില്ക്കാന് രണ്ടു സംസ്ഥാനത്തെയും പാര്‍ടി കമ്മിറ്റികള്‍ പിബിയുടെ അനുമതിയോടെയാണ് തീരുമാനിച്ചത്. ചാനല്‍ നടത്തിപ്പ് സാമ്ബത്തികമായി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഓഹരി വിറ്റത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ബന്ധുക്കള്‍ക്കാണ് ചാനല്‍ വിറ്റതെന്ന പരാമര്‍ശം പൂര്‍ണമായും കളവാണ്.

വാണിജ്യാടിസ്ഥാനത്തില്‍ ഒരു സംഘം ബിസിനസുകാര്ക്കാണ് ചാനല്‍ ഓഹരികള്‍ കൈമാറിയത്. പ്രജാശക്തി കമ്ബനി 127.71 കോടിയുടെ നിയമവിരുദ്ധ ഇടപാട് നടത്തിയെന്ന മനോരമ വാര്‍ത്തയും വസ്തുതാവിരുദ്ധമാണ്.
ആന്ധ്രപ്രദേശ് വിഭജനത്തിനുശേഷം തെലങ്കാനയില്‍ ‘നവ തെലങ്കാന’ എന്നപേരില്‍ പ്രത്യേക പത്രം തുടങ്ങി. 2016 ഏപ്രിലില്‍ ആന്ധ്രപ്രദേശില്‍ ‘പ്രജാശക്തി പ്രിന്റേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്ബനി രൂപീകരിച്ച് പ്രജാശക്തിയുടെ പ്രസിദ്ധീകരണം തുടര്‍ന്നു.

അന്നുമുതല്‍ പ്രജാശക്തിയുടെ എല്ലാ അക്കൗണ്ടുകളും ഈ കമ്ബനിയുടെ പേരിലാണ്. എഡിഷന് തലത്തിലും വിവിധ വകുപ്പുകളുടെ പേരിലും കമ്ബനിക്ക് 43 ബാങ്ക് അക്കൗണ്ടുകളുണ്ട്. പത്രത്തിന് എട്ട് എഡിഷനുണ്ട്. വരിക്കാരില്‍നിന്നുള്ള തുക ആദ്യം എഡിഷനുകളുടെ അക്കൗണ്ടുകളിലും പിന്നീട് ഹെഡ്ഓഫീസ് അക്കൗണ്ടിലും വരവുചേര്ക്കും. ചെലവ് ഇനങ്ങള്‍ ആദ്യം ഹെഡ്ഓഫീസ് അക്കൗണ്ടിലും പിന്നീട് എഡിഷനുകളുടെ അക്കൗണ്ടിലും രേഖപ്പെടുത്തും. എല്ലാ വകുപ്പുകളുടെ കാര്യത്തിലും ഇതേ രീതിയാണ്. അതുകൊണ്ട്, എല്ലാ അക്കൗണ്ടുകളിലെയും ഇടപാടുകള്‍ കൂട്ടിയാല്‍ യഥാര്‍ഥത്തില്‍ നടന്നതിന്റെ പല മടങ്ങായി കാണപ്പെടും.

നോട്ടു നിരോധനം പ്രഖ്യാപിച്ച 2016–17 വര്‍ഷത്തെ ഇടപാടുകള്‍ മൊത്തം 127.71 കോടി രൂപയാണെന്ന് കണ്ടു. ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഗുരുതര സാമ്ബത്തിക കുറ്റകൃത്യവിഭാഗം (എസ്എഫ്ഐഒ) പ്രജാശക്തി കമ്ബനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കമ്ബനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എസ്എഫ്ഐഒയ്ക്ക് മുന്നില്‍ എല്ലാ രേഖകളും ഹാജരാക്കി. അധികൃതരുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്കി. വിശദമായ അന്വേഷണത്തില്‍ അവര്‍ക്ക് ക്രമക്കേടൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ദേശീയ കമ്ബനി ട്രിബ്യൂണലിനു പ്രജാശക്തി നല്കിയ പരാതിയെ തുടര്‍ന്ന് അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്കി. ഈ സംഭവം ദുര്‍വ്യാഖ്യാനം ചെയ്താണ് ക്രമക്കേട് നടത്തിയെന്ന വാര്‍ത്ത ചമച്ചത്.
