രു കുടുംബത്തിലെ നാലു പേരെ കാണാതായി, കൊന്നു കുഴിച്ചുമൂടിയതായി സംശയം

കോട്ടയം: ഇടുക്കി കാളിയാര്‍ കമ്പക്കാനം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ കാണാതായി. വീടിനുള്ളില്‍ രക്തം തളംകെട്ടി കിടപ്പുണ്ട്. വീടിനു പിറകില്‍ പുതുമണ്ണ് ഇളകിക്കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. കുഴിച്ചു മൂടിയതാകാമെന്നാണ് സംശയം. കമ്പക്കാനം കാനാത്ത് കൃഷ്ണന്‍, ഭാര്യ സുശീല, രണ്ടു മക്കള്‍ എന്നിവരെയാണ് കാണാതായത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസും സംഘവും കാളിയാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കാളിയാര്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. ഇളകിക്കിടക്കുന്ന മണ്ണ് മാറ്റി പരിശോധന നടത്താന്‍ പൊലീസ് നടപടി തുടങ്ങി. ആര്‍.ഡി.ഒയും ഉന്നത ഉദ്യോഗസ്ഥരും എത്തിയാല്‍ മാത്രമേ മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിക്കുകയുള്ളു.
കുഴിയില്‍ മൃതദേഹങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൃഷ്ണനെയും കുടുംബത്തേയും കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. ഇവര്‍ എവിടെപോയെന്ന് അയല്‍വാസികള്‍ക്കു പോലും അറിയില്ല. ഇന്ന് രാവിലെ അയല്‍വാസികളില്‍ ആരോ വീട്ടില്‍ നിന്നും രൂക്ഷഗന്ധം വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി നില്ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പണ്ടവന്മാര്‍ എന്നാണ് കൃഷ്ണന്റെ കുടുംബത്തെ അറിയുന്നത്. സഹോദരങ്ങള്‍ തമ്മില്‍ വസ്തു സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നതായി അറിയുന്നു. എന്നാല്‍ ആഭിചാര ക്രിയകള്‍ ഈ വീട്ടില്‍ നടന്നിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

