KOYILANDY DIARY

The Perfect News Portal

ലാവ്‌ലിന്‍കേസ് രണ്ടര വര്‍ഷം സര്‍ക്കാര്‍ എവിടെയായിരുന്നു? ഹൈക്കോടതി

കൊച്ചി > ലാവ് ലിന്‍ കേസില്‍ ഉപഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്നും തുടരന്വേഷണം വേണമെന്നുമുള്ള ആവശ്യങ്ങള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചു രണ്ടു വര്‍ഷത്തിലേറെ കഴിഞ്ഞ വേളയില്‍ കേസ് പെട്ടെന്ന് എടുപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുന്നതെന്തിനെന്ന ചോദ്യം ഉന്നയിച്ച കോടതി ക്രൈം നന്ദകുമാറും ഇഎംഎസ് സാംസ്കാരികവേദിയും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ തള്ളുകയും ചെയ്തു. ലാവ് ലിന്‍ കേസിലെ റിവിഷന്‍ ഹര്‍ജിയില്‍ മുന്‍ഗണനാക്രമം തെറ്റിച്ച് അടിയന്തിരമായി പരിഗണിച്ചു തീര്‍പ്പാക്കേണ്ട കാര്യമെന്ത് എന്ന് ചോദിച്ച കോടതി പതിനായിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ഇതിനു മാത്രം എന്താണ് പ്രത്യേകത എന്ന് ആരാഞ്ഞു. അതേസമയം അനിശ്ചിതകാലതാമസം ഒഴിവാക്കാന്‍ ഫെബ്രുവരി അവസാനവാരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടരന്വേഷണ ആവശ്യം അനാവശ്യമാണെന്നും ജസ്റ്റിസ് പി ഉബൈദ് നിരീക്ഷിച്ചു.

അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍വരുന്ന നിരവധി കേസുകള്‍ പത്തുപതിനഞ്ച് വര്‍ഷത്തിലധികമായി തീര്‍പ്പാക്കാതെ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യമാണുള്ളത്. ഇതെല്ലാം പൊതുതാല്‍പ്പര്യമുള്ള കേസുകള്‍തന്നെയാണ്. അതിനാല്‍ ലാവ്ലിന്‍ കേസ് അടിയന്തരമായി പരിഗണിക്കണം, നേരത്തെ വാദംകേള്‍ക്കണം എന്നീ ആവശ്യങ്ങള്‍ അനുവദിക്കാനാവില്ല. ഹര്‍ജികളില്‍ ആഴത്തിലുള്ള പരിഗണന ആവശ്യമാണ്. വിചാരണക്കോടതി അതിരുകടന്നുവെന്ന ആരോപണം പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി അനുമതിനല്‍കി. സര്‍ക്കാരിന്റെ വാദങ്ങള്‍കൂടി പരിഗണിക്കണമെന്നു മാത്രമാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അതിനാല്‍ കക്ഷിചേരല്‍ ഹര്‍ജി അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.