ഹെല്‍മെറ്റ് പരിശോധന ബൈക്ക് യാത്രക്കാരനെ പരുക്കേല്‍പ്പിച്ച പോലീസുകാരനെതിരെ കേസെടുത്തു.

കൊല്ലം> ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തു. വയര്‍ലെസ് സെറ്റുകൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിച്ച ട്രാഫിക് സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ മാഷ് ഭാസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 326 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
കൊല്ലം കടപ്പാക്കട സ്വദേശി സന്തോഷ് ഫെലിക്സി (34)നാണ് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ മര്‍ദ്ദനമേറ്റത്. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും കുറ്റക്കാരനായ പോലീസുകാരനെതിരെ കേസെടുക്കാതിരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസുകാരന്റെ അടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സന്തോഷിന് കേള്‍വിശക്തി നഷ്ടപ്പെട്ടു.

സംഭവത്തില്‍ പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. പത്തു വര്‍ഷം വരെ തടവു കിട്ടേണ്ട കുറ്റമാണ് പോലീസുകാരന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഫിലിക്സിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ആവശ്യപ്പെട്ടിരുന്നു.

