KOYILANDY DIARY.COM

The Perfect News Portal

ഹരിതകേരളം; ജില്ലയിലെ കുളങ്ങളുടെ വിവരശേഖരണം നടത്താന്‍ തീരുമാനം

കോഴിക്കോട്: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധികളിലെ കുളങ്ങളുടെ വിവരശേഖരണം നടത്താന്‍ ഹരിതകേരളം പദ്ധതിയുടെ ജില്ലാതല മിഷന്‍ അവലോകനയോഗം തീരുമാനിച്ചു. കുളം നവീകരണത്തിന്‍െറ ഭാഗമായാണ് വിവരശേഖരണം. കുളങ്ങളുടെ വിസ്തീര്‍ണം, ഇപ്പോഴത്തെ സ്ഥിതി, ജി.പി.ആര്‍.എസ് ലൊക്കേഷന്‍, പൊതുവായതോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ തുടങ്ങിയ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഈ മാസം 23നകം കലക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്ന് ജില്ലയുടെ ചുമതലവഹിക്കുന്ന കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് നിര്‍ദേശിച്ചു. വനവത്കരണത്തിന്‍െറ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മരങ്ങളില്ലാത്ത വനഭൂമി കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യാനും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പാര്‍ക്ക് എന്നിവയുടെ വിവരം നല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കും. സര്‍ക്കാര്‍ പരിപാടികളില്‍ ജനുവരി ഒന്നുമുതല്‍ ഡിസ്പോസബ്ള്‍ പാത്രങ്ങള്‍ ഒഴിവാക്കാനും യോഗം തീരുമാനിച്ചു. ഇത് നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാലിന്യ നിര്‍മാര്‍ജനത്തിന്‍െറ ഭാഗമായി ജില്ലയിലെ ആക്രി കച്ചവടക്കാരുടെ ലിസ്റ്റ് തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനോട് കലക്ടര്‍ ആവശ്യപ്പെട്ടു. ഹരിതകേരളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു. എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, വി.കെ.സി. മമ്മദ്കോയ, അസി. കലക്ടര്‍ കെ. ഇമ്ബശേഖര്‍, എ.ഡി.എം ടി. ജെനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *