ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി : നൂറുകണക്കിന് ഹാജിമാരെയും ഹാജുമ്മമാരെയും സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി സിയാല്‍ എയര്‍ക്രാഫ് മെയിന്റിനന്‍സ് ഹാങ്ങറിലെ രണ്ട് ഹാളിലായാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തില്‍നിന്ന് 10,200 പേര്‍ ഇക്കുറി സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നുണ്ട്. മാഹി, ലക്ഷദ്വീപ് എന്നിവിങ്ങളില്‍ നിന്നുള്ളവരും കൊച്ചിയില്‍ നിന്നാണ് പോകുക. ഹാജിമാര്‍ക്കും കുടെ വരുന്നവര്‍ക്കുമായി 1600 പേര്‍ക്ക് ഒരുസമയം താമസിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തിന് പ്രത്യേക ഹാളും സജ്ജമാണ്. 450 ഹാജിമാരുമായി ആദ്യ വിമാനം തിങ്കളാഴ്ച പകല്‍ 3.30ന് നെടുമ്പാശേരയില്‍നിന്ന് പുറപ്പെടും. ഒരുദിവസം 900 ഹാജിമാരാണ് ഇവിടെനിന്ന് പോകുക. കഴിഞ്ഞവര്‍ഷം ഇത് 300 മാത്രമായിരുന്നു. ഹാജിമാരുടെ എണ്ണം കുടിയതനുസരിച്ച് ക്യാമ്പിലെ സൌകര്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്.
സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടനചടങ്ങ് ആരംഭിച്ചത്. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി. എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്നസെന്റ് എംപി, എംഎല്‍എമാരായ എസ് ശര്‍മ, എ എം ആരീഫ്, അന്‍വര്‍സാദത്ത്, ഇബ്രാഹിം കുഞ്ഞ്, സിയാല്‍ ഡയറക്ടര്‍ ബോര്‍ഡംഗം എം എ യൂസഫലി, പി രാജീവ്, കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എ അബ്ദുള്‍ മുത്തലിബ്, സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, എം എം മുഹയുദ്ദീന്‍ മൌലവി, ടി പി അബ്ദുള്ളക്കോയ മദനി, എം ഐ അബ്ദുള്‍ അസീസ്, സലാഹുദ്ദീന്‍ മദനി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൌലവി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസലിയാര്‍ സ്വാഗതവും ഹജ്ജുകമ്മിറ്റി എക്സിക്യൂട്ടിവ് ഓഫീസര്‍ എ ഷൈനമോള്‍ നന്ദിയും പറഞ്ഞു.

