സ്‌കൂട്ടറില്‍ കറങ്ങി മാലമോഷണം നടത്തി വന്നിരുന്ന യുവതിയും കാമുകനും അറസ്റ്റില്‍

മാവേലിക്കര: മാവേലിക്കരയിലെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി മാലമോഷണം നടത്തി വന്നിരുന്ന യുവതിയും കാമുകനും അറസ്റ്റില്‍. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്കുംമുറിയില്‍ വിഷ്ണുഭവനത്തില്‍ സുനിത (36), കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനത്തില്‍ ബിജു വര്‍ഗീസ് (33) എന്നിവരെയാണ് മാവേലിക്കര പൊലീസ് അറസ്റ്റുചെയ്തത്. മൂന്നുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പിടികൂടാനായത്.
ജൂണ്‍ 18ന് തഴക്കര കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനു സമീപം റോഡിലൂടെ നടന്നുപോയ യുവതിയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ സംഭവം നടന്നിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ സ്‌കൂട്ടറിന്റെ നമ്പര്‍ 586 ആണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ച് മാവേലിക്കര സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. 586 എന്ന നമ്ബര്‍ വ്യാജമാണെന്ന് കണ്ടെത്തി.

മുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങളും നിരവധി മൊബൈല്‍ നമ്ബരുകളും പരിശോധിച്ച് സ്‌കൂട്ടറിന്റെ നമ്പര്‍ കെഎല്‍ 30 ഡി 5867 ആണെന്ന് കണ്ടെത്തി. പിന്നീടാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് എണ്ണയ്ക്കാട് സ്വദേശിനി സുനിതയാണെന്നും പിന്നിലിരുന്ന് മാല പൊട്ടിക്കുന്നത് ബിജുവാണെന്നും തിരിച്ചറിഞ്ഞത്.

ടിപ്പര്‍ ലോറി ഡ്രൈവറായ ബിജു പുലര്‍ച്ചെയുള്ള യാത്രകളില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ നിര്‍മാല്യം തൊഴാനെത്തുന്ന സമയം മനസിലാക്കിയ ശേഷം ജൂലൈ 15 ന് പുലര്‍ച്ചെ അഞ്ചിന് സുനിതയുമായി സ്‌കൂട്ടറിലെത്തി ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ചു. മാലയുടെ ചെറിയ കഷണം മാത്രമേ ഇവര്‍ക്ക് കിട്ടിയുള്ളൂ.

ഈ സംഭവത്തിന് ഒരാഴ്ചക്കുശേഷം ചെട്ടികുളങ്ങരയില്‍ തന്നെ കടവൂര്‍ഭാഗത്ത് പുലര്‍ച്ചെ ക്ഷേത്രദര്‍ശനത്തിന് പോയ മറ്റൊരു സ്ത്രീയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ബിജു മാലപൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ കൈയില്‍ കടിച്ചതോടെ പിടിവിട്ട് ഓടി സമീപം കാത്തു നിന്നിരുന്ന സുനിതയുടെ സ്‌കൂട്ടറില്‍ കയറി കായംകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു.
താമരക്കുളത്തും കരുനാഗപ്പള്ളിയിലുമുള്ള സ്വര്‍ണകടകളില്‍ ഇവര്‍ വിറ്റ മോഷണമുതലുകള്‍ പൊലീസ് കണ്ടെത്തി. വിവാഹിതയും മൂന്നുമക്കളുടെ അമ്മയുമായ സുനിത ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ പരാതിയില്‍ മാന്നാര്‍ സ്‌റ്റേഷനില്‍ നിരവധി കേസുകളുണ്ട്.
ഒന്നരവര്‍ഷം മുമ്ബാണ് ദുബൈയില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ സുനിത ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലാവുകയായിരുന്നു. നാട്ടിലെത്തിയ ബിജു സുനിതക്കൊപ്പം ബുധനൂരില്‍ താമസമാക്കിയതോടെ ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി.
പിന്നീട് വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചുവന്ന ഇവര്‍ മാവേലിക്കര ഉമ്ബര്‍നാട്ടുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്ബോഴാണ് അമിത പണസമ്ബാദനത്തിനും ആഡംബരത്തിനുമായി മോഷണം നടത്താന്‍ തീരുമാനിച്ചത്. മോഷണത്തിനു പോകുമ്ബോള്‍ പതിവായി സ്‌കൂട്ടര്‍ ഓടിക്കുന്നത് സുനിതയാണ്. സുനിതയെ ബുധനൂരിലെ വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാട് നിന്നുമാണ് പൊലീസ് പിടികൂടിയത്.
