‘സ്വാശ്രയ വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി; ഇന്ത്യയിലെ പതിനായിരക്കണക്കിന് ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് എന്നും ആവശ്യമുള്ളതൊക്കെ പ്രാദേശികമായി നിർമിച്ചുകൊണ്ടും അത്യാവശ്യത്തിനു മാത്രം ഉപഭോഗം ചെയ്തുകൊണ്ടും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള സ്വയം സമ്പൂർണ ഗ്രാമങ്ങൾ എന്നതായിരുന്നു ഗാന്ധിജിയുടെ സ്വപ്നങ്ങളിൽ പ്രധാനപ്പെട്ടത്. ആ സ്വപ്നത്തിൽ നിന്നും ഇന്ത്യ ഏറെ അകന്നു പോയതായി ഹരിത കേരളം മിഷൻ കൺസൾട്ടന്റ് ശ്രീ എൻ ജഗജീവൻ അഭിപ്രായപ്പെട്ടു.
പ്രാദേശികമായി ഉൽപ്പന്നങ്ങൾ നിർമിച്ചും പ്രാദേശികമായി സുസ്ഥിരമായ വിപണന സംവിധാനം സാധ്യമാക്കിയും ഉപഭോഗത്തെ സമരായുധമാക്കി മാറ്റി കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ഗാന്ധിജിയുടെ സ്വപ്നങ്ങളെ തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ‘സ്വാശ്രയ വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ശ്രീമതി പി സി കവിത, അസിസ്റ്റൻറ് ജില്ലാമിഷൻ കോർഡിനേറ്റർമാരായ പിഎം ഗിരീശൻ, ടി.ഗിരീഷ്കുമാർ, ക്ഷേമ കെ തോമസ്,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എം ശോഭ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികെ കവിത, കൊയിലാണ്ടി നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരായ റീജ, ഇന്ദുലേഖ, നീതു എ (ഡി പി എം) തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ മികച്ച ഹോംഷോപ്പ് ഗ്രാമപഞ്ചായത്തായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ മികച്ച ഹോം ഷോപ്പ് ഓണർക്കുള്ള അവാർഡിന് ഷൈന പി പി അർഹയായി. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ ശ്രീ അജിത് ചാക്കോ അവാർഡുകൾ വിതരണംചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോംഷോപ്പ് സെക്രട്ടറി പ്രസാദ് കൈതക്കൽ സ്വാഗതവും, പ്രസിഡണ്ട് സി.ഷീബ നന്ദിയും പറഞ്ഞു. തുടർന്ന് ഹോം ഷോപ്പ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
