സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

സേലം: സേലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലം-ബംഗളൂരു ദേശീയ പാതയില്‍ മാമങ്കം ബൈപ്പാസില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴ സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ചവരില്‍ രണ്ടു പേര് സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സേലം ജില്ലാകലക്ടര്‍ രോഹിണി അടക്കമുള്ള അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി

ബംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും, സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

